രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചതായി പ്രധാനമന്ത്രി
ന്യൂഡൽഹി : ഇന്ത്യ സന്പൂർണ്ണ വൈദ്യുതി ഗ്രാമ രാജ്യമായതായി അവകാശവാദം. മോദി സർക്കാർ കഴിഞ്ഞ മൂന്നുവർഷം കൊണ്ട് ഗ്രാമങ്ങളിൽ മുഴുവൻ വൈദ്യുതി എത്തിച്ചെന്നും ഇന്ത്യയിൽ ഒരു സർക്കാരും ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ലാത്തത്ര വിജയമാണ് വൈദ്യുതീകരണ പദ്ധതിക്ക് ഉണ്ടായതെന്നും കേന്ദ്രസർക്കാർ അവകാശപ്പെടുന്നു.
ലെയ്സാംഗ് പോലെ ആയിരക്കണക്കിന് ഗ്രാമങ്ങളിൽ വൈദ്യുതി എത്തിക്കഴിഞ്ഞു. രാജ്യത്തെ ഓരോ പൗരനും അഭിമാനകരമായ നിമിഷമാണിത്−, മോദി ട്വിറ്ററിൽ കുറിച്ചു. 2015ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഇനിയും വൈദ്യുതി എത്താത്ത ഗ്രാമങ്ങളിൽ 1000 ദിവസത്തിനകം വൈദ്യുതി എത്തിക്കുമെന്ന് പ്രാധാനമന്ത്രി ഉറപ്പു നൽകിയിരുന്നു. ഇതിനെ തുടർന്ന് രൂപീകരിച്ച ദീൻദയാൽ ഉപാദ്യായ് ഗ്രാമ് ജ്യോതി യോജന എന്ന പദ്ധതി പ്രകാരമാണ് വൈദ്യുതീകരണം സാദ്ധ്യമാക്കിയത്.
ഒരു ഗ്രാമം വൈദ്യുതിവൽകൃതമായി എന്ന് പ്രഖ്യാപിക്കപ്പെടണമെങ്കിൽ അവിടുത്തെ 10 ശതമാനം വീടുകൾ, സ്കൂളുകൾ, ഓഫീസുകൾ എന്നിവിടങ്ങളിലെങ്കിലും വൈദ്യുതി എത്തണം എന്നാണ് നിലവിലെ ചട്ടം.

