ചീഫ് ജസ്റ്റീസിനെതിരായ എതിർപ്പ് പരസ്യമാക്കി വീണ്ടും ജസ്റ്റീസ് ചെലമേശ്വർ
ന്യൂഡൽഹി : സുപ്രീംകോടതിയിൽ ജഡ്ജിമാർക്കിടയിലെ ഭിന്നത രൂക്ഷമായി തുടരുന്നുവെന്ന് സൂചന. ചീഫ് ജസ്റ്റീസിന്‍റെ അധികാരം മുതിർന്ന ജഡ്ജിമാരുമായി പങ്കിടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ശാന്തിഭൂഷൺ സമർപ്പിച്ച ഹർജി പരിഗണിക്കാൻ ചെലമേശ്വർ വിസമ്മതിച്ചു. താൻ ഈ ഹർജിയിൽ വാദം കേൾക്കില്ല. അതിന്റെ കാരണം വളരെ വ്യക്തമാണ്. മറ്റൊരു വിധി കൂടി 24 മണിക്കൂറിനുള്ളിൽ റദ്ദാക്കപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ താൻ വിരമിക്കും. അതുകൊണ്ട് തന്നെ കേസ് വിഭജനവുമായി ബന്ധപ്പെട്ട പൊതുതാൽപ്‍പര്യ ഹർജി താൻ കേൾക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസാദ് എഡ്യുക്കേഷൻ ട്രസ്റ്റുമായി ബന്ധപ്പെട്ട മെഡിക്കൽ കോളജ് കോഴ കേസിൽ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള ജസ്റ്റീസ് ചെലമേശ്വരുടെ ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇക്കാര്യം പരാമർശിച്ചുകൊണ്ടാണ് ജസ്റ്റീസ് ചെലമേശ്വർ ഇന്ന് കോടതിയിൽ പ്രതികരിച്ചത്. ഹർജി പരിഗണിക്കാൻ ചെലമേശ്വർ വിസമ്മതിച്ചതോടെ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ വിഷയം ഉന്നയിച്ചു. തുടർന്ന് ഹർജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെതിരായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് നാല് മുതിർന്ന ജസ്റ്റീസുമാർ കോടതി നടപടികൾ നിർത്തിവെച്ച് പത്രസമ്മേളനം നടത്തിയത് കോളിളക്കമുണ്ടാക്കിയിരുന്നു. ഈ പ്രതിഷേധത്തിന് നേതൃത്വം നൽകിയത് ജസ്റ്റീസ് ചെലമേശ്വറായിരുന്നു.

