സൽമാൻ ഖാന് ജാമ്യം


ന്യൂഡൽഹി : ബോളിവുഡ് നടൻ സൽമാൻ ഖാന് ജാമ്യം. വന്യജീവി സംരക്ഷണ നിയമപ്രകാരം കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ കഴിഞ്ഞ ദിവസം അഞ്ച് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന സൽമാൻ ഖാന് ജോധ്പുർ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ആൾ ജാമ്യം, അനുമതി ഇല്ലാതെ രാജ്യം വിടരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ. ജാമ്യം ലഭിച്ചതോടെ നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകീട്ടോടെ സൽമാൻ ഖാൻ ജയിൽ മോചിതനാകും. 

സാക്ഷിമൊഴികൾ അവിശ്വസനീയമാണെന്നു‍ം ശിക്ഷ കടുത്തതാണെന്നും സൽമാന്റെ അഭിഭാഷകർ വാദിക്കുകയുണ്ടായി. ജാമ്യ ഹർജി പരിഗണിച്ച കോടതി രണ്ട് കാര്യങ്ങളാണ് പ്രധാനമായും നിരീക്ഷിച്ചത്. ദൃക്സാക്ഷികളുടെ മൊഴിയിൽ‍ വൈരുധ്യമുണ്ട്. കെട്ടിച്ചമച്ച തെളിവുകളാണ് പോലീസ് ഹാജരാക്കിയത്. സേവനപ്രവർ‍ത്തനങ്ങൾ‍ ചെയ്യുന്ന നടനു മാനുഷിക പരിഗണന നൽ‍കി ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം വാദിച്ചു. വിഷയത്തിൽ സൽമാൻ ഖാനെതിരെ ശാസ്ത്രീയ തെളിവുകളുടെ അഭാവമുണ്ട്. മാത്രമല്ല മരിച്ച രണ്ട് കൃഷ്ണ മൃഗങ്ങളിലൊന്ന് അമിതമായ ഭക്ഷണം കഴിച്ചതുകൊണ്ടാണ് ചത്തതെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. മറ്റൊന്നിന്റെ മരണ കാരണം വലിയ കുഴിയിൽ വീണതുകൊണ്ടാണെന്നും പറയുന്നു. മാത്രമല്ല വെടികൊണ്ടാണ് കൃഷ്ണ മൃഗം കൊല്ലപ്പെട്ടതെന്ന് ഫോറൻസിക് പരിശോധനയിലും പോസ്റ്റ്മോർട്ടത്തിലും പരാമർശിക്കുന്നില്ല. ഇക്കാര്യം കോടതിയിൽ പ്രതിഭാഗം ഉയർത്തിക്കാട്ടിയിരുന്നു. സൽമാൻ ഖാന് സഞ്ചരിച്ച ജിപ്സിയിൽ കണ്ടെത്തിയ രക്തക്കറയും പോസ്റ്റ്മോർട്ടം സമയത്ത് ശേഖരിച്ച രക്തവും ഒന്നാണെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധനയിൽ സാധിച്ചില്ലെന്നും പ്രതിഭാഗം പറയുന്നു.

അതേസമയം ജാമ്യം നൽ‍കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സൽമാൻ ഖാന് ജാമ്യം നൽകിയതിനെതിരെ  അപ്പീൽ നൽ‍കുമെന്ന് ബിഷ്ണോയ് സമുദായം അറിയിച്ചു. സൽമാനടക്കം ഏഴുപേരാണ് കേസിലെ പ്രതികൾ. 1998 സെപ്റ്റംബർ 26ന് ജോദ്പൂരിലെ ഭവാദിൽ വെച്ചും 28ന് ഗോദാഫാമിൽ വെച്ചുമാണ് സൽമാൻ ഖാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയതെന്നാണ് കേസ്. ഹം സാഥ് സാഥ് ഹേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. 

അതിനിടെ കേസ് പരിഗണിക്കുന്ന സെഷൻകോടതി ജഡ്ജി രവീന്ദ്രകുമാർ ജോഷിയെ സ്ഥലം മാറ്റി. സൽമാൻ ഖാനു ശിക്ഷ വിധിച്ച ജഡ്ജി ദേവ്കുമാർ‍ ഖാത്രി, വാദം കേൾ‍ക്കുന്ന ജോധ്പുർ‍ സെഷൻ‍സ് കോടതി ജഡ്ജി രവീന്ദ്ര കുമാർ‍ ജോഷിയുമടക്കം 87 ജഡ്ജിമാരുടെ സ്ഥലംമാറ്റ പട്ടിക രാജസ്ഥാൻ‍ ഹൈക്കോടതി പുറത്തിറക്കി. ഇത് സ്വഭാവിക നടപടി മാത്രമാണെന്നാണ് വിശദീകരണം. ജഡ്ജിയെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയെങ്കിലും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനെ ബാധിച്ചില്ല. രാജസ്ഥാനിൽ‍ സാധാരണ ഏപ്രിൽ‍ 15 നുശേഷമാണ് ജഡ്ജിമാരുടെ സ്ഥലമാറ്റമെങ്കിലും ഇത്തവണ നേരത്തെയാണ്.

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സൽമാൻ ഖാന് ജോധ്പുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അഞ്ചു വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് പ്രതികളായ നടി തബു, നീലം, സോനാലി ബന്ദ്രെ, നടൻ സെയ്‌ഫ് അലി ഖാൻ എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed