ആദിത്യനാഥിനെതിരെ പ്രധാനമന്ത്രിക്ക് ബി.ജെ.പി എം.പിയുടെ പരാതി
ന്യൂഡൽഹി : യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമർശനവുമായി ബി.ജെ.പി ദളിത് നേതാവ്. ആദിത്യനാഥിനെ രണ്ട് തവണ കാണാൻ ശ്രമിച്ചിട്ടും തന്നെ കാണാൻ കൂട്ടാക്കിയില്ലെന്നും അവിടെ നിന്ന് അസഭ്യം പറഞ്ഞ് പുറത്താക്കിയെന്നും വ്യക്തമാക്കി ബി.ജെ.പി എം.പി ഛോട്ട ലാൽ ഖർവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
പരാതി ലഭിച്ചതിനെ തുടർന്ന് സംഭവത്തിൽ നടപടിയെടുക്കുമെന്ന് ഛോട്ടെ ലാൽ ഖരവാറിന് പ്രധാനമന്ത്രി ഉറപ്പുനൽകി. യു.പിയിലെ റോബെർട്സ്ഗഞ്ജ് മണ്ധലത്തെയാണ് ഛോട്ടെ ലാൽ ഖരവാർ പ്രതിനിധീകരിക്കുന്നത്. ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കി രാജ്യത്തുടനീളം ദളിത് പ്രക്ഷോഭങ്ങൾ നടന്നുവരുന്നതിനിടെയാണ് സ്വന്തം പാർട്ടി എം.എൽ.എയുടെ പരാതി.
സർക്കാരും ഉദ്യോഗസ്ഥരും തന്റെ മണ്ധലത്തോട് കടുത്ത വിവേചനമാണ് പുലർത്തുന്നത്. തന്റെ പരാതി കേൾക്കാൻ പോലും സംസ്ഥാന നേതൃത്വം തയ്യാറാകുന്നില്ലെന്നും പ്രധാനമന്ത്രിക്ക് ഛോട്ട ലാൽ അയച്ച കത്തിൽ പറയുന്നു.
യോഗി ആദിത്യനാഥ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മഹേന്ദ്രനാഥ് പാണ്ധെ, ബി.ജെ.പി നേതാവ് സുനിൽ ബൻസാൽ എന്നിവരെ പേരെടുത്ത് പരമാർശിച്ചാണ് ഛോട്ടെ ലാലിന്റെ പരാതി. ദേശീയ പട്ടിക ജാതി−വർഗ കമ്മീഷനെതിരേയും അദ്ദേഹം പരാതി ഉന്നയിച്ചിട്ടുണ്ട്.

