ജിസാറ്റ്–6 എയുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഐഎസ്ആർഒ ഗവേഷകർ
ബെംഗളൂരു : ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് മാർച്ച് 29ന് വിക്ഷേപിച്ച ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 6 എയുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് ഐഎസ്ആർഒ (ഇന്ത്യൻ സ്പെയ്സ് റിസർച് ഓർഗനൈസേഷൻ). ഉപഗ്രഹവുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഐഎസ്ആര്‍ഒ ഗവേഷകർ വിശദീകരിച്ചു. വിക്ഷേപണം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞിട്ടും ഉപഗ്രഹവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏജൻസി പുറത്തുവിടാഞ്ഞതിനു പിന്നാലെയാണ് ഇന്ത്യയുടെ വാര്‍ത്താവിനിമയ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്നു പ്രതീക്ഷിച്ച ഈ ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നുള്ള ഐഎസ്ആർഒയുടെ അറിയിപ്പ് വരുന്നത്. ഐഎസ്ആർഒ ചെയര്‍മാനായി കെ.ശിവൻ ജനുവരിയില്‍ സ്ഥാനമേറ്റെടുത്ത ശേഷം നടന്ന ആദ്യത്തെ പ്രധാന മിഷനായിരുന്നു ജിസാറ്റ് 6 എ. 147 കോടി രൂപയോളം ചെലവിട്ടായിരുന്നു നിർമാണം.

