കശ്മീർ വെടിവയ്പ്പിൽ രണ്ട് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു
ശ്രീനഗർ : കശ്മീരിൽ നടന്ന വെടിവയ്പ്പിൽ രണ്ടു സൈനികർ വീരമൃത്യു വരിച്ചു. അനന്ത്നാഗ്, ഷോപിയാൻ എന്നിവിടങ്ങളിൽ മൂന്നിടത്തായാണ് വെടിവയ്പുണ്ടായത്. ഷോപിയാനിൽ ഭീകരർക്കെതിരെയുള്ള പോരാട്ടത്തിനിടെയാണ് രണ്ടു ജവാന്മാർ വീരമൃത്യു വരിച്ചത്. ഗ്രാമീണരിൽ ചിലരെ മറയാക്കിയാണു ഭീകരർ വെടിവച്ചത്. അനന്ത്നാഗിലെയും ഷോപിയാനിലെയും സൈനിക നടപടികള്‍ അവസാനിച്ചുവെങ്കിലും സുരക്ഷാസേന പരിശോധന തുടരുന്നുണ്ട്. മേഖലയിൽ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചിരിക്കുകയാണ്. പതിനൊന്ന് ഭീകരരെ സുരക്ഷാസേന വധിച്ചതായാണു വിവരം. ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. ഭീകരരിൽ ഒരാൾ അനന്ത്നാഗിൽ കീഴടങ്ങി.
ഇന്നലെ രാത്രി അനന്ത്നാഗ് മേഖലയിൽ സുരക്ഷാസേന പരിശോധന തുടങ്ങിയതിനുപിന്നാലെയാണ് ഭീകരർ സൈനികർക്കു നേരെ വെടിവച്ചത്. ഷോപിയാനിൽ ഭീകരരുടെ വെടിവയ്പ്പിനിടെ ചില നാട്ടുകാർ വീടുകളിൽ കുടുങ്ങി, ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചതായി ഡിജിപി പറഞ്ഞു. എട്ടു ഭീകരരുടെ മരണം അദ്ദേഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

