ജുഡീഷ്യറിയിലും ആർ.എസ്.എസുകാരെ നിയമിക്കാൻ ശ്രമം: കപിൽ സിബൽ
ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥയിൽ ആർ.എസ്.എസ് പ്രത്യായശാസ്ത്രം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാനസ്ഥാനങ്ങളിൽ ബി.ജെ.പി നേരത്തെ ആർ.എസ്.എസുകാരെ നിയമിച്ചു. ഇപ്പോൾ ജുഡീഷ്യറിയിലും ഈ ശ്രമം നടപ്പാക്കുന്നുവെന്നും കപിൽ സിബൽ പറഞ്ഞു.
ഇത് അംഗീകരിക്കാനാവില്ല. എതിർക്കുക തന്നെ ചെയ്യും. ആവശ്യമെങ്കിൽ നിയമപ്രശ്നമായി ഇതിനെ ഉയർത്തിക്കൊണ്ട് വരികയും ചെയ്യും. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളേയും അക്രമിച്ച് കീഴ്പ്പെടുത്തികൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളേയും ജുഡീഷ്യറിയേയും നിയന്ത്രിക്കാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ജനാധിപത്യത്തെ ദുർബ്ബലപ്പെടുത്തുന്നതാണ് ഇത്തരം നടപടികളെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യറിയിൽ കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലുകളെ കുറിച്ച് ജസ്റ്റിസ് ചെലമേശ്വർ എഴുതിയ കത്ത് ആശങ്കപ്പെടുത്തുന്നതാണ്. ഓരോ സ്ഥാപനങ്ങളേയും വേട്ടയാടി പതുക്കെ പതുക്കെ തങ്ങളുടെ വരുതിയിലാക്കുകയാണ് സർക്കാർ ചെയ്യുന്നത്. പ്രധാനമന്ത്രി ആദ്യം പാർലമെന്റ് നശിപ്പിച്ചു. ഇപ്പോൾ മാധ്യമങ്ങളേയും നീതിന്യായ വ്യവസ്ഥയും തകർക്കാൻ ശ്രമിക്കുന്നു. കോടതികളിൽ താൽപ്പര്യപ്രകാരമുള്ള നിയമനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും സിബൽ ആരോപിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യുന്നതിനുള്ള നീക്കങ്ങൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്നിനിടയിലാണ് കപിൽ സിബലിന്റെ പ്രതികരണം.

