പെൺകുട്ടികൾ ആൺ സുഹൃത്തുക്കളെ ഒഴിവാക്കണം : എം.എൽ.എ വിവാദത്തിൽ
ഇൻഡോർ: ആൺ സുഹൃത്തുക്കളെ ഒഴിവാക്കണമെന്ന വിവാദ പരാമർശവുമായി ബി.ജെ.പി എം.എൽ.എ. മധ്യപ്രദേശിലെ ഗുണയിൽനിന്നുള്ള എം.എൽ.എ പന്നലാൽ ശാക്യയാണ് പെൺകുട്ടികൾക്ക് ഉപദേശവുമായി രംഗത്തെത്തിയത്. പെൺകുട്ടികളെന്തിനാണ് ആൺസുഹൃത്തുക്കളെ ഉണ്ടാക്കുന്നത്? അവരത് അവസാനിപ്പിച്ചാൽ അവർക്കെതിരെ നടക്കുന്ന എല്ലാ അതിക്രമങ്ങളും അവസാനിക്കും− ഗുണയിലെ ഒരു കോളജിൽ സംസാരിക്കവെ ശാക്യ പറഞ്ഞു.
രാജ്യാന്തര വനിതാ ദിനം ആചരിക്കുന്നതു വിദേശ പാരന്പര്യമാണെന്നും ഇന്ത്യയിൽ നവരാത്രിക്ക് സ്ത്രീകൾ പൂജിക്കപ്പെടുന്നുണ്ടെന്നും ശാക്യ പറഞ്ഞു. പെൺസുഹൃത്തുക്കളെ ഉണ്ടാക്കുന്ന പാശ്ചാത്യൻ സംസ്കാരം ആൺകുട്ടികൾ സ്വീകരിക്കരുതെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

