മായാവതിയുമായി ഐക്യത്തിനു സൂചന നൽകി അഖിലേഷ് യാദവ്
ലഖ്നൗ : സമാജ്്വാദി പാർട്ടി (എസ്.പി.) നേതാവ് അഖിലേഷ് യാദവ് മായാവതിയുടെ ബി.എസ്.പി.യുമായി (ബഹുജൻ സമാജ് പാർട്ടി) ഐക്യത്തിനു തയ്യാറെടുക്കുന്നതായി സൂചന. കഴിഞ്ഞദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ സമാജ്പാർട്ടിയുടെ വോട്ട് ലഭിച്ചിരുന്നെങ്കിലും ബി.എസ്.പി. സ്ഥാനാർഥി പരാജയപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥി ജയാ ബച്ചന്റെ വിജയാഘോഷം എസ്.പി. റദ്ദാക്കിയത്.
ജയാ ബച്ചന്റെ വിജയത്തെത്തുടർന്ന് പാർട്ടി ആസ്ഥാനത്ത് ആഘോഷപരിപാടികൾക്ക് പദ്ധതിയിട്ടിരുന്നു. എന്നാൽ, ബി.എസ്.പി. സ്ഥാനാർത്ഥി ഭീംറാവു അംബേദ്കർ പരാജയപ്പെട്ടതിനാൽ അഖിലേഷ് യാദവ് അതു വേണ്ടെന്നുവച്ചതായി എസ്.പി. വക്താവ് സുനിൽ സിംഗ് സാജൻ പറഞ്ഞു.
ഇരുപാർട്ടികളും ഐക്യപ്പെടുന്നതിനോട് അനുകൂലമാണെന്ന സൂചന ബി.എസ്.പി.യും നൽകിയിട്ടുണ്ട്. തങ്ങൾക്ക് എസ്.പി.യുടെ വോട്ടുകൾ കിട്ടിയതായി ബി.എസ്.പി. ദേശീയ ജനറൽ സെക്രട്ടറി സതീഷ് മിശ്ര പറഞ്ഞു. എന്നാൽ, ബി.ജെ.പി. അധികാരം ദുർവിനിയോഗം ചെയ്തതാണ് തങ്ങളുടെ സ്ഥാനാർഥി പരാജയപ്പെടാൻ കാരണമെന്ന് അദ്ദേഹം ആരോപിച്ചു.
യു.പി.യിലെ രണ്ട് ലോക്സഭാ മണ്ധലങ്ങളിൽ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബി.എസ്.പി. പിന്തുണയോടെ വിജയിച്ചതിനാൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ അംബേദ്കറുടെ വിജയമുറപ്പിക്കുന്നതിന് ഒരുമിച്ചുപ്രവർത്തിക്കുമെന്ന് എസ്.പി. വ്യക്തമാക്കിയിരുന്നു.
രാജ്യസഭാ തിരഞ്ഞെടുപ്പിലെ തോൽവി എസ്.പി.−ബി.എസ്.പി. കൂട്ടുകെട്ടിനെ ബാധിക്കില്ലെന്ന് ബി.എസ്.പി. അധ്യക്ഷ മായാവതി വ്യക്തമാക്കി. പണം, കായികബലം, ഭരണാധികാരം എന്നിവയുപയോഗിച്ചാണ് ബി.ജെ.പി. ജയിച്ചതെന്ന് അവർ പറഞ്ഞു. എസ്.പി.− ബി.എസ്.പി. കൂട്ടുകെട്ടിനെ തകർക്കാൻ ബി.ജെ.പി. നടത്തുന്ന അട്ടിമറിശ്രമങ്ങൾ വിലപ്പോവില്ല. ഉപതിരഞ്ഞെടുപ്പിലെ തോൽവിക്കു പ്രതികാരം ചെയ്യുകയായിരുന്നു ബി.ജെപി. എന്നാൽ, അവർ ഒരു കാര്യം ഓർക്കുന്നത് നന്ന്, ലോക്സഭയിൽ ജനങ്ങൾ നേരിട്ടാണ് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. അന്യായമായി നേടിയ രാജ്യസഭയിലേക്കുള്ള വിജയം ഉപതിരഞ്ഞെടുപ്പിലെ തോൽവിയെ ഇല്ലാതാക്കില്ല −മായാവതി പറഞ്ഞു.
എസ്.പി.യുടെ അവസരവാദനയമാണ് ബി.എസ്.പി.യുടെ പരാജയത്തിനു കാരണമെന്ന യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഭിപ്രായത്തോടു പ്രതികരിക്കുകയായിരുന്നു അവർ.

