വടക്കേ ഇന്ത്യയിലും ബുള്ളറ്റ് ട്രെയിൻ: ഡൽഹിയിൽ നിന്ന് 59 മിനിറ്റിൽ ആഗ്രയിലെത്താം; കോറിഡോറിന് പ്രധാനമന്ത്രിയുടെ അംഗീകാരം
ഷീബ വിജയൻ
ന്യൂഡൽഹി: നോർത്തേൺ ബുള്ളറ്റ് ട്രെയിൻ കോറിഡോർ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഡൽഹിയിൽ നിന്നും ആഗ്രയിലേക്ക് വെറും 59 മിനിറ്റ് കൊണ്ട് എത്തിച്ചേരാനാകും. പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ ശൃംഖല വടക്കേ ഇന്ത്യയിലെ സുപ്രധാന അടിസ്ഥാന സൗകര്യവികസന പദ്ധതിയാണെന്നും മന്ത്രി വ്യക്തമാക്കി. വാരാണസിക്കും ന്യൂഡൽഹിക്കും ഇടയിലുള്ള പുതിയ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
യാത്രാസമയത്തിൽ വൻ കുറവു വരുത്തുന്നു എന്നതാണ് ഈ ഇടനാഴിയുടെ പ്രധാന പ്രത്യേകത. ഡൽഹിയിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം വാരാണസിയിലേക്കും കിഴക്കൻ മേഖലകളിലേക്കും മികച്ച കണക്ടിവിറ്റി നൽകാൻ ഇത് സഹായിക്കും. 'മേയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് മുൻഗണന നൽകി നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പൂർണ്ണമായും തദ്ദേശീയമായിരിക്കും. ഈ പദ്ധതിയിലൂടെ ഡൽഹിയിൽ നിന്നും മൂന്നര മണിക്കൂർ കൊണ്ട് വാരാണസിയിലും, 1 മണിക്കൂർ 45 മിനിറ്റിൽ കാൻപൂരിലും, 2 മണിക്കൂർ 12 മിനിറ്റിൽ ലഖ്‌നൗവിലും എത്തിച്ചേരാം. വിമാനയാത്രയെ അപേക്ഷിച്ച് കൂടുതൽ ലളിതവും സാമ്പത്തിക ലാഭമുള്ളതുമായ യാത്രാമാർഗ്ഗമായിരിക്കും ഇതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
dfsdfsdfs

