എം.എൽ.എമാരെ അയോഗ്യരാക്കിയത് ഡൽഹി ഹൈക്കോടതി റദ്ദാക്കി
ന്യൂഡൽഹി : ഇരട്ടപദവി ആരോപണത്തിൽ ഡൽഹിയിലെ 20 ആം ആദ്മി പാർട്ടി എം.എൽ.എമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഡൽഹി ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി തെറ്റെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എം.എൽ.എമാരുടെ ഭാഗം കേൾക്കാതെയാണ് തീരുമാനമെന്ന് ഹൈക്കോടതി വിലയിരുത്തി. ഇരട്ടപദവി പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. എം.എൽ.എമാരെ അയോഗ്യരാക്കിയത് രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല.
ആം ആദ്മിയുടെ 20 എം.എൽ.എമാർ 2015 മാർച്ച് 13 മുതൽ 2016 സപ്തംബർ എട്ട് വരെ മന്ത്രിമാരുടെ പാർലമെന്ററി സെക്രട്ടറിമാരായതാണ് അയോഗ്യതയ്ക്ക് ഇടയാക്കിയത്. ഇത് ഇരട്ടപ്പദവിയാണെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് പട്ടേൽ ആണ് കമ്മിഷന് പരാതി നൽകിയത്. എം.എൽ.എയ്ക്ക് സർക്കാരിൽ നിന്നു പ്രതിഫലം ലഭിക്കുന്ന വേറെ പദവികൾ വഹിക്കാൻ പാടില്ല. ആം ആദ്മി അധികാരമേറ്റ് ഒരു മാസം തികയും മുന്പാണ് എം.എൽ.എമാരെ ഈ പദവിയിൽ നിയമിച്ചത്. പാർലമെന്ററി സെക്രട്ടറി നിയമനം 2016 സപ്തംബറിൽ ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിയമനത്തിന് ലഫ്. ഗവർണറുടെ അനുമതി ഇല്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി നടപടി. തുടർന്ന് ഇക്കാര്യത്തിൽ പരാതി സ്വീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ജനുവരി 19ന് 20 എം.എൽ.എമാർക്കും അയോഗ്യത കൽപ്പിച്ചത് ആം ആദ്മിക്ക് കനത്ത തിരിച്ചടിയായിരുന്നു.
അതേസമയം സത്യം വിജയിച്ചുവെന്ന് കോടതി വിധിയോട് പ്രതികരിച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പ്രതികരിച്ചു. ഇത് ജനങ്ങളുടെ വിജയമാണെന്നും കേജരിവാൾ ട്വീറ്റ് ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തെറ്റായാണ് അയോഗ്യരാക്കിയത്. കോടതി ഡൽഹി ജനതയ്ക്ക് നീതി നൽകിയിരിക്കുന്നു. ഈ വിജയത്തിൽ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും കേജരിവാൾ ട്വീറ്റ് ചെയ്തു.

