ഭാര്യയെ ‘മണ്ടി, ഒന്നിനും കൊള്ളാത്തവൾ’ എന്ന് വിളിക്കുന്നത് ക്രിമിനൽ കുറ്റമല്ല; കേസ് റദ്ദാക്കി സുപ്രീംകോടതി


ഷീബ വിജയൻ

ഭാര്യയെ ‘മണ്ടി’, ‘കൊള്ളാത്തവൾ’ എന്ന് വിളിച്ചതുകൊണ്ടുമാത്രം ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498എ വകുപ്പ് പ്രകാരമുള്ള ക്രൂരതയുടെ കുറ്റം നിലനിൽക്കില്ലെന്ന് സുപ്രീം കോടതി. ഇത്തരം പരാമർശങ്ങൾ ഭർത്താവിന്റെ സ്വഭാവത്തെയോ പെരുമാറ്റത്തെയോ പ്രതിഫലിപ്പിച്ചേക്കാമെങ്കിലും, ഇതിന്റെ പേരിൽ മാത്രം ഭാര്യയുടെ മരണത്തിൽ ഭർത്താവിനെ ക്രിമിനൽ ഉത്തരവാദിയാക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. കാനഡയിൽ ഭാര്യ മരിച്ച സംഭവത്തിൽ സ്ത്രീധനപീഡനവും ക്രൂരതയും ആരോപിച്ച് ഭർത്താവിനെതിരെ എടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, മന്മഹോൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണായക വിധി. കേസ് റദ്ദാക്കാൻ വിസമ്മതിച്ച ബോംബെ ഹൈകോടതിയുടെ ഔറംഗാബാദ് ബെഞ്ചിന്റെ ഉത്തരവും സുപ്രീം കോടതി റദ്ദാക്കി.

2021-ൽ വിവാഹിതരായ ദമ്പതികൾ 2022-ലാണ് കാനഡയിലെ ടൊറന്റോയിലേക്ക് താമസം മാറിയത്. തുടർന്ന് 2023 ജൂൺ 11-ന് യുവതി അപ്പാർട്ട്മെന്റിന്റെ 22-ാം നിലയിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. ജോലി കണ്ടെത്താൻ കഴിയാത്തതിലുള്ള നിരാശ മൂലം ജീവിതം അവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു. ആത്മഹത്യാക്കുറിപ്പിൽ ഭർത്താവിനെയോ കുടുംബത്തെയോ കുറ്റപ്പെടുത്തിയിരുന്നില്ല.

എന്നാൽ, വിവാഹത്തിന് മുൻപ് 15 പവൻ സ്വർണം സ്ത്രീധനമായി ആവശ്യപ്പെട്ടെന്നും പിന്നീട് കൂടുതൽ സ്വർണം നൽകിയെന്നും ആരോപിച്ച് യുവതിയുടെ പിതാവ് പരാതി നൽകുകയായിരുന്നു. ഭർത്താവ് യുവതിയെ നിരന്തരം അധിക്ഷേപിക്കുകയും ‘മണ്ടി’, ‘കൊള്ളാത്തവൾ’ എന്ന് വിളിക്കാറുണ്ടായിരുന്നുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു.

എന്നാൽ കാനഡ കൊറോണറിന്റെ അന്വേഷണ റിപ്പോർട്ടിലും 2024-ലെ ടൊറന്റോ പോലീസിന്റെ അന്വേഷണ റിപ്പോർട്ടിലും ദുരൂഹതകളോ തർക്കങ്ങളോ ഉള്ളതായി കണ്ടെത്തിയിരുന്നില്ല. ആത്മഹത്യാക്കുറിപ്പ് യുവതിയുടേതാണെന്നും സംഭവം നടക്കുമ്പോൾ ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും അന്വേഷണ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു.

യുവതിയുടെ മരണശേഷമാണ് സ്ത്രീധന ആരോപണങ്ങൾ ഉയർന്നുവന്നതെന്നും ഇത് ഏറെ സംശയകരമാണെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഭർത്താവിനെതിരായ കേസ് റദ്ദാക്കാൻ ഉത്തരവിട്ടത്.

article-image

adsdds

You might also like

  • Lulu Exchange
  • Straight Forward

Most Viewed