2000, 500 രൂപ നോട്ടുകൾ റദ്ദാക്കണമെന്ന് ചന്ദ്രബാബു നായിഡു
ഹൈദരാബാദ്: രാജ്യത്തെ വിവിധ മേഖലകളിലും രാഷ്ട്രീയത്തിലും ഉൾപ്പെടെ അഴിമതി വേരോടെ പിഴുതെറിയാൻ 2000, 500 രൂപ നോട്ടുകൾ റദ്ദാക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. ഓൺലൈൻ ഇടപാടുകളെ ഇനിയും പ്രോത്സാഹിപ്പിക്കണം. ആന്ധ്രയിൽ ക്യാഷ്ലെസ് ഇടപാടുകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും നിയമസഭയിൽ നടന്ന ചർച്ചയിൽ അദ്ദേഹം പറഞ്ഞു.
നോട്ട് റദ്ദാക്കലിനെ തുടർന്ന് പണരഹിത സാന്പത്തിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി നീതി ആയോഗ് രൂപം നൽകിയ 13 അംഗ സമിതിയുടെ ചെയമാനായിരുന്നു ചന്ദ്രബാബു നായിഡു.
ഉന്നത മൂല്യമുള്ള നോട്ടുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയകാരനാണ് താൻ. 2000, 500 രൂപ നോട്ടുകൾ നിരോധിച്ചാൽ വോട്ടിന് പണം നൽകുന്ന കീഴവഴക്കം അവസാനിക്കും. 100 രൂപയുടെ എത്ര നോട്ടുകൾ നേതാക്കൾക്ക് കൈവശം കൊണ്ടുനടക്കാൻ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ രാവും പകലും കഷ്ടപ്പെടുകയാണ്. എന്നാൽ, തിരഞ്ഞെടുപ്പ് ആകുന്പോൾ മുംബൈയിൽ നിന്നോ ബംഗളൂരുവിൽ നിന്നോ കൂറെ പണവുമായി ആരെങ്കിലും വരും, നമ്മൾ എന്തിനാണ് അവരെ ഭയക്കുന്നത്. നമ്മൾ ചെയ്ത സേവനത്തെ അടിസ്ഥാനപ്പെടുത്തിയാണ് വോട്ട് നേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ടി.ഡി.പി 175 മണ്ധലങ്ങളിലേക്കായി 25 കോടി രൂപ ഒഴുക്കിയിട്ടുണ്ടെന്ന് തെലുങ്ക് സിനിമാതാരവും ജന സേന പാർട്ടി നേതാവുമായ പവൻ കല്ല്യാൺ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് ഉയർന്ന മൂല്യമുള്ള നോട്ടുകൾ റദ്ദാക്കാൻ നായിഡു കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ചത്.

