ടോർച്ച് വെളിച്ചത്തിൽ ശസ്ത്രക്രിയ്ക്ക് വിധേയയായ സ്ത്രീ മരിച്ചു
മുസഫർപുർ: ബിഹാറിലെ ആശുപത്രിയിൽ ടോർച്ച് വെളിച്ചത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ മരിച്ചു. മുസഫർപൂരിലെ സദർ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ റൂബി കുമാരി എന്ന യുവതിയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് യുവതി ടോർച്ച് വെളിച്ചത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെയാണ് ടോർച്ച് വെളിച്ചത്തിൽ ശസ്ത്രക്രിയ ചെയ്തത്.
രോഗിക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ നിശ്ചയിക്കുന്പോൾ ആശുപത്രിയിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. ഇതേതുടർന്ന് ടോർച്ച് വെളിച്ചത്തിൽ ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. യുവതി ഓപ്പറേഷൻ ടേബിളിൽ കിടക്കുന്നതും യുവതിയുടെ വലതുകൈയിൽ ഡോക്ടർ ഓപ്പറേഷൻ നടത്തുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ടോർച്ചിന്‍റെയും മൊബൈൽ ഫോണിന്‍റെയും വെളിച്ചത്തിലാണ് ഓപ്പറേഷൻ നടന്നത്. ഓപ്പറേഷനുശഷം രോഗിയുടെ നില ഗുരുതരമല്ലെന്നും രണ്ടു ദിവസം കൂടെ കാത്തുനിൽക്കണമെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വാദം. എന്നാൽ പിന്നീട് ഇവരെ പാറ്റ്നയിലെ ആശുപത്രിയിലേക്കു മാറ്റുകയും തുടർന്നു മരിക്കുകയുമായിരുന്നു.

