കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം ഇറാഖ് വിഷയത്തിൽനിന്നും ശ്രദ്ധ തിരിച്ചുവിടാൻ
ന്യൂഡൽഹി : ഇറാഖ് വിഷയത്തിൽനിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട വിവാദമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിനെതിരെ ആരോപണമുന്നയിച്ചത്. കോൺഗ്രസ്സും ബി.ജെ.പിയും കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇടപാടുകാരാണെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഫേസ്ബുക്കിൽനിന്ന് വ്യക്തിവിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചെന്ന ആരോപണം നേരിടുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക രണ്ട് ദേശീയ പാർട്ടികൾക്കുമായി പ്രവർത്തിച്ചെന്നാണ് വിവരം. എൻഡിടിവിയാണ് ഇതുസംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്.
കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇന്ത്യയിലെ പങ്കാളിയായ ഓവ്‌ലിനോ ബിസിനസ് ഇന്‍റലിജൻസിന്‍റെ (ഒ.ബി.ഐ) തലവൻ ജെ.ഡി.യു നേതാവ് കെ.സി ത്യാഗിയുടെ പുത്രൻ അമരീഷ് ത്യാഗിയാണ്.
ഓവ്‌ലിനോ ബിസിനസ് ഇന്‍റലിജൻസ് നൽകുന്ന വിവരങ്ങൾ പ്രകാരം ബെ.ജി.പിയും കോൺഗ്രസ്സും ജനതാദൾ യുണൈറ്റഡും (ജെ.ഡി.യു) അവരുടെ ഇടപാടുകാരാണെന്ന് പറയുന്നു. ഒ.ബി.ഐയുടെ വെബ്സൈറ്റിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

