രാഹുൽ ഗാന്ധിയെ ഇഷ്ടമാണ് എന്നാൽ നേതാവായി കാണാൻ കഴിയില്ല : ഹാർദിക് പട്ടേൽ
മുംൈബ : രാഹുൽ ഗാന്ധി തന്റെ നേതാവല്ലെന്ന് പട്ടീദാർ അനാമത് ആന്തോളൻ സമിതി നേതാവ് ഹാർദിക് പട്ടേൽ. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി തനിക്ക് ഇഷ്ടമാണ് എന്നാൽ അദ്ദേഹത്തെ ഒരിക്കലും നേതാവായി കാണാൻ കഴിയില്ല കാരണം അദ്ദേഹം എന്റെ നേതാവല്ല ഹാർദിക് വ്യക്തമാക്കി. മുംബയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോൺഗ്രസും പട്ടേൽ നേതാവുമായ ഹാർദിക് പട്ടേലും കൈകോർക്കുന്നത്. തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ടെന്നും കോൺഗ്രസിന് ഗുജറാത്തിലെ ജനങ്ങളുടെ ശബ്ദമുയർത്താൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതു കൂടാതെ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് കാത്തിരിക്കുകയാണ് താനെന്നും ഹാർദിക് വ്യക്തമാക്കി.
വരുന്ന 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ ഹാർദിക്, ജനങ്ങളുടെ പൾസ് അറിയുന്നതിലാണ് കൂടുതൽ പ്രാധാന്യമെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻപ് സമൂഹത്തിലെ പ്രശ്നങ്ങളും അവരുടെ ആവശ്യങ്ങളും എന്തെന്ന് കൂടുതൽ പഠിക്കട്ടെയെന്നും കൂട്ടിച്ചേർത്തു.

