സർക്കാരിന്റെ വികസന പദ്ധതികളിലൂന്നി രാഷ്ട്രപതിയുടെ നയപ്രഖ്യാപനം
ന്യുഡൽഹി : കേന്ദ്രസർക്കാരിന്‍റെ വികസന പദ്ധതികളിലൂന്നി രാഷ്ട്രപതി രാം നാഥ് കോവിന്ദിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം. മുസ്ലീം സ്ത്രീകൾക്ക് അന്തസ്സോടെയും ഭയം കൂടാതെയും ജീവിക്കാൻ മുത്തലാഖ് ബിൽ പാസാക്കാനാകുമെന്ന് പ്രസംഗത്തിന്റെ തുടക്കത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ച രാഷ്ട്രപതി, ഈ വർഷം ഇന്ത്യയുടെ നിർമ്മാണത്തിന് ഏറെ നിർണായകമാണെന്നും ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തിൽ വ്യക്തമാക്കി. രാഷ്ട്രപതിയായ ശേഷം രാംനാഥ് കോവിന്ദ് നടത്തുന്ന ആദ്യ നയപ്രഖ്യാപന പ്രസംഗമാണിത്.
കർഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്വയം സഹായ സംഘങ്ങളെ ഈ സർക്കാർ പ്രോത്സാഹിപ്പിപ്പിക്കുന്നുണ്ട്. ജലസേചനം മെച്ചപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അടൽ പെൻഷൻ പദ്ധതി 80 ലക്ഷം ജനങ്ങൾക്ക് ഉപകാരപ്പെട്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. എല്ലാവരെയും വികസനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പ്രധാൻമന്ത്രി ഗ്രം സഡക് യോജന വളരെ വേഗതയിലാണ് പുരോഗമിക്കുന്നത്. 2014ൽ 56 ശതമാനം ഗ്രാമങ്ങളിൽ മാത്രമായിരുന്നു റോഡുകൾ ഉണ്ടായിരുന്നത്. ഇപ്പോൾ അത് 82 ശതമാനമായി ഉയർന്നു. സൗജന്യ പാചക വാതക കണക്ഷനുകൾ നൽകി സ്ത്രീകളെ പുകയിൽ നിന്നും കരിയിൽ നിന്നം രക്ഷപ്പെടുത്തിയെന്നും രാഷ്ട്രപതി പറഞ്ഞു.
നയപ്രഖ്യാപനത്തിലെ മറ്റ് പ്രസക്ത ഭാഗങ്ങൾ: രാജ്യത്തെ പൂർണ്ണമായും ഡിജിറ്റലാക്കുന്നതിന് പ്രധാന്യം നൽകും. ഇന്ത്യയുടെ വിദേശനയം ലോകത്തിന് മുന്നിൽ രാജ്യത്തിന്‍റെ യശസ്സുയർത്തി. ബേട്ടി ബചാവോ ബേട്ടി പഠാവോ പ്രചാരണം 640 ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണം. പാവപ്പെട്ടവർക്ക് ലഭിക്കുന്ന തരത്തിൽ ഇൻഷുറൻസ് പദ്ധതികൾ നടപ്പാക്കി.

