പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ രാജ്യം 69–ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ന്യൂഡൽഹി : പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ രാജ്യം 69–ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യവും സൈനിക കരുത്തും വെളിവാക്കുന്ന പരിപാടികളോടെയാണ് ചടങ്ങിന് തിരശീല വീണത്. രാവിലെ 10 മണിക്ക് ഡൽഹിയിലെ രാജ്പഥിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ദേശീയ പതാക ഉയർത്തി. രാജ്യത്തിനായി ജീവന്‍ സമര്‍പ്പിച്ച സൈനികര്‍ക്ക് ഇന്ത്യഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്തും ഉത്തേരന്ത്യയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
പത്ത് ആസിയാന്‍ രാജ്യങ്ങളിലെ നേതാക്കളെ അണിനിരത്തി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം ഇന്ത്യയുടെ നയതന്ത്രവിജയമായാണ് കാണുന്നത്. ഇതാദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിന് ഇന്ത്യ ഇത്രയേറെ രാഷ്ട്രത്തലവന്മാരെ ക്ഷണിക്കുന്നത്. ബ്രൂണെയ്, കംബോഡിയ, സിംഗപ്പുർ, ലാവോസ്, ഇന്തൊനീഷ്യ, മലേഷ്യ, മ്യാൻമാർ, ഫിലിപ്പീൻസ്, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ മുഖ്യാതിഥികളായി പങ്കെടുത്തത്.
പ്രൗഢഗംഭീര സദസിനെ സാക്ഷിനിര്‍ത്തി ഇന്ദ്രപ്രസ്ഥത്തിന്‍റെ രാജവീഥിയില്‍ ഇന്ത്യയുടെ സംസ്കാരവും ശക്തിയും വൈവിധ്യവും അണിനിരന്നു. കര–നാവിക–വ്യോമ സേനകളുടെ അഭിവാദ്യം രാഷ്ട്രപതി സ്വീകരിച്ചു. ബ്രഹ്മോസ്, ആകാശ് മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെ പ്രദര്‍ശനവും ആകര്‍ഷകമായി. കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും സാംസ്കാരിക വൈവിധ്യത്തിന്‍റെ പരിച്ഛേദം രാജ്പഥില്‍ അണിനിരന്നു. ബിഎസ്എഫ് വനിത മോട്ടോര്‍ സൈക്കിള്‍ ടീം, ഒട്ടകപ്പട, സിആര്‍പിഎഫിന്റെ അസം, പഞ്ചാബ്, മദ്രാസ് ഉള്‍പ്പെടെ വിവിധ റെജിമെന്‍റുകളിലെ അംഗങ്ങള്‍, വിവിധ മ്യൂസിക് ബാന്‍ഡുകളുടെ അകമ്പടിയോടെ അണിനിരന്നു. വ്യോമസേനയുടെ അഭ്യാസത്തോടെയായിരുന്നു ആഘോഷ പരിപാടികളുടെ സമാപനം.

