മൂ­ന്ന് വടക്ക്-കി­ഴക്കൻ സംസ്ഥാ­നങ്ങളിൽ തി­രഞ്ഞെ­ടു­പ്പ് പ്രഖ്യാ­പി­ച്ചു­


ന്യൂഡൽഹി : വടക്ക്− കിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ത്രിപുരയിൽ‍ ഫെബ്രുവരി 18നും മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27നുമാണ് പോളിംഗ്. മൂന്ന് സംസ്ഥാനങ്ങളിലും ഫലം മാർ‍ച്ച് മൂന്നിനറിയാം.

ഇന്നുമുതൽ‍ ഈ സംസ്ഥാനങ്ങളിൽ‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ‍ വന്നു. മൂന്ന് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രവും വിവിപാറ്റ് സംവിധാനവും ഉപയോഗിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ‍ എ.കെ ജോതി അറിയിച്ചു. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് കേന്ദ്രസേനയുടെ സേവനം വിനിയോഗിക്കും. ഫ്‌ളാഗ് മാർ‍ച്ചുകൾ‍ നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

മേഘാലയയിൽ‍ മാർ‍ച്ച് ആറിനും നാഗാലാൻ‍ഡിൽ‍ 13നും ത്രിപുരയിൽ‍ 14നും നിയമസഭയുടെ കാലാവധി കഴിയും. 1993 മുതൽ‍ ത്രിപുരയിൽ‍ സി.പി.എം നേതൃത്വത്തിലുള്ള മണിക് സർ‍ക്കാർ‍ ആണ് ഭരിക്കുന്നത്. നാലാം തവണയാണ് മണിക് സർ‍ക്കാർ‍ ഇവിടെ മുഖ്യമന്ത്രിയായിരിക്കുന്നത്. എന്നാൽ‍ ആറ് തൃണമൂൽ‍ കോൺ‍ഗ്രസ് നേതാക്കളും ഒരു കോൺ‍ഗ്രസ് നേതാവും പാർ‍ട്ടി പാളയത്തിലെത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. 

മേഘാലയയിൽ‍ മുകുൾ‍ സാഗ്മയുടെ നേതൃത്വത്തിലുള്ള കോൺഗ്രസാണ് കഴിഞ്ഞ എട്ട് വർ‍ഷമായി ഭരണം നടത്തുന്നത്. കടുത്ത രാഷ്ട്രീയ അസ്ഥിരത ഇത്തവണ ഇവിടെ കോൺ‍ഗ്രസിന് വെല്ലുവിളിയാകും. നാഗാലാൻ‍ഡിൽ‍ നാഗാ പീപ്പിൾ‍ ഫ്രണ്ട് നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് സഖ്യസർ‍ക്കാരാണ് ഭരണം നടത്തുന്നത്. ടി.ആർ സെലിങ്ങാണ് മുഖ്യമന്ത്രി. ബി.ജെ.പി പിന്തുണയ്ക്കുന്ന സർ‍ക്കാരാണിത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed