മാളിലെ ടോയ്ലെറ്റിൽ ഗർഭസ്ഥ ശിശുവിന്റെ ഭ്രൂണം കണ്ടെത്തി
മനാമ : ഹൂറയിലെ ഗോസി കോംപ്ലെക്സിന്റെ താഴത്തെ നിലയിലെ സ്ത്രീകളുടെ ശുചിമുറിയിൽ നിന്നും ചോര കട്ടപിടിച്ച രീതിയിൽ ഗർഭസ്ഥ ശിശുവിന്റെ ഭ്രൂണം കണ്ടെത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം നടന്നത്. ശുചിമുറി വൃത്തിയാക്കാൻ ചെന്ന ജീവനക്കാരിയാണ് ഇത് കണ്ടെത്തിയത്. മൂന്ന് മുറികളാണ് ഈ ശുചിമുറിയിൽ ഉള്ളത്.
രാവിലെ പതിനൊന്ന് മണിയോടെ ശിരോ വസ്ത്രം ധരിച്ച ഒരു സ്ത്രീ ഇവിടെയുള്ള ഒരു മുറിയിൽ കയറിയതിന് ശേഷം ഏറെ നേരം കഴിഞ്ഞാണ് പുറത്ത് വന്നതെന്നും, അവർ അസ്വസ്ഥത പ്രകടിപ്പിച്ചുവെന്നും ഇവിടെയുള്ള ദൃക്സാസാക്ഷികൾ പോലീസിനോട് പറഞ്ഞു. ഇവർക്ക് ശേഷം വന്ന സ്ത്രീ മുറിയിലേയ്ക്ക് കയറിയ ഉടനെ തന്നെ പേടിച്ചരണ്ട് പുറത്തേയ്ക്ക് വരുകയും ചെയ്തുവെന്നും ഇവർ പറയുന്നു. പിന്നീടാണ് ശുചിയാക്കുന്ന ജീവനക്കാരി ഇവിടെ കയറി ഗർഭസ്ഥ ശിശുവിന്റെ ഭ്രൂണം കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി രക്തക്കട്ടകൾ പരിശോധനയ്ക്കായി എടുക്കുകയും, ക്ലീനിങ് സ്റ്റാഫിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മുന്പും ഇതേ അനുഭവം ഇവിടെ ഉണ്ടായതായി പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മറ്റൊരു ജീവനക്കാരി ഒരു ഇംഗ്ലീഷ് മാധ്യമത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. മാൾ മാനേജ്മെന്റ് ഈ സംഭവത്തെ പറ്റി ഒന്നും പ്രതികരിച്ചിട്ടില്ല. ഗർഭച്ഛിദ്രം ബഹ്റൈനിൽ നിയമപ്രകാരം ക്രിമിനൽ കുറ്റമാണ്. ഗർഭിണിയായ സ്ത്രീയുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിൽ മൂന്ന് അംഗീകൃത ഡോക്ടർമാരുടെ അനുമതിയോടെയും ഗർഭിണിയുടെ പൂർണ്ണമായ അറിവോടെയും മാത്രമേ ഇവിടെ ഭ്രൂണഹത്യ നടത്താൻ സാധിക്കൂ.

