സുപ്രീംകോടതിയിലെ തർക്കം : സമവായത്തിന് സാധ്യത തെളിയുന്നു
ന്യൂഡൽഹി : രാജ്യത്തെ ഞെട്ടിച്ച സുപ്രീംകോടതിയിലെ സംഭവ വികാസങ്ങൾക്കൊടുവിൽ തർക്ക പരിഹാരത്തിന് സാധ്യത തെളിയുന്നു. അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് ജസ്റ്റിസ് ചലമേശ്വർ അറിയിച്ചു. ബാർ കൗൺസിൽ നിയോഗിച്ച ഏഴംഗ സമിതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ പ്രതികരണം ഉണ്ടായിട്ടില്ല. തുടർ നടപടികൾ ഒപ്പമുള്ള മറ്റു ജഡ്ജിമാരോടു ആലോചിച്ചു തീരുമാനിക്കാമെന്നും ചെലമേശ്വർ വ്യക്തമാക്കി. ചർച്ചയിൽ തങ്ങളുന്നയിച്ച കാര്യങ്ങൾ ഉയർന്നു വരണമെന്ന അദ്ദേഹം ആവശ്യപ്പെട്ടതായാണ് സൂചന.
ചർച്ചയിൽ പുരോഗതി ഉണ്ടെന്നും പ്രതിസന്ധി പരിഹരിക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കൂടിക്കാഴ്ചക്ക് ശേഷം സംഘം പറഞ്ഞു. ഇന്ന് വൈകുന്നേരം 7.30ന് സമിതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷം മുഴുവൻ ജഡ്ജിമാരുമായും സമിതി കാണും. ഡൽഹിയിലുള്ള പരമാവധി സുപ്രീം കോടതി ജഡ്ജിമാരെ കാണാനാണ് സംഘത്തിന്റെ ശ്രമം. ഫുൾ കോർട്ട് ചേരുന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ജഡ്ജി ലോയയുടെ മരണം അന്വേഷിക്കണമെന്ന ഹർജി മുതിർന്ന ജഡ്ജിമാരുടെ ബെഞ്ചിന് വിട്ട് പ്രശ്നം പരിഹരിച്ചേക്കും.
രാജ്യത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത അത്യപൂർവ സംഭവവികാസങ്ങൾക്കാണ് രാജ്യതലസ്ഥാനം കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചത്. നാല് കോടതികൾ നിർത്തി വെച്ച് നാല് ജഡ്ജിമാർ കോടതിയിൽ നിന്നിറങ്ങി വന്ന് മാധ്യമങ്ങളെ കണ്ടു. ജസ്റ്റിസ് ജെ. ചെലമേശ്വർ, ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് കുര്യൻ ജോസഫ്. ജസ്റ്റിസ് മദൻ ബി. ലോക്കൂർ എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.

