മുംബൈ വിമാനത്താവളത്തിലെ കോൺഫറൻസ് ഹാളിൽ വൻ തീപ്പിടിത്തം
മുംബൈ : മുംബൈ വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനൽ വൺ എയിലുള്ള കോൺഫറൻസ് ഹാളിൽ വൻ തീപ്പിടിത്തം. പൂർണമായും കത്തിനശിച്ച കോൺഫറൻസ് ഹാളിന്റെ ചിത്രങ്ങൾ വാർത്താ ഏജൻസികൾ പുറത്തുവിട്ടു. തീ കെടുത്താൻ കഴിഞ്ഞതായും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അഗ്നിശമനസേനാ അധികൃതർ പറഞ്ഞു.
ആഭ്യന്തര ടെർമിനലിലെ ഒന്നാം നിലയിലാണ് കോൺഫറൻസ് ഹാൾ. എട്ട് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. യാത്രക്കാർ ഉപയോഗിക്കുന്ന മുറികളിൽനിന്ന് വളരെ അകലെയാണ് തീപിടിച്ച കോൺഫറൻസ് ഹാളെന്ന് അധികൃതർ പറഞ്ഞു. അതിനാൽ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ തീപ്പിടിത്തം ബാധിച്ചിട്ടില്ലെന്ന് മുംബൈ വിമാനത്താവളം അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

