മഹാത്മ ഗാന്ധി വധം പുനരന്വേഷിക്കേണ്ടതില്ല : അമിക്കസ് ക്യൂറി
ന്യുഡൽഹി : രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ വധത്തിൽ പുനഃരന്വേഷണം നടത്തേണ്ടതില്ലെന്ന് സുപ്രിം കോടതിയിൽ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. മുതിർന്ന അഭിഭാഷകനായ അമരീന്ദ്ര ശരൺ ആണ് ജസ്റ്റീസ് എസ്.എ ബോബ്‌ദെ അധ്യക്ഷനായ ബെഞ്ചിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
ഗാന്ധി വധക്കേസ് രേഖകൾ പരിശോധിച്ച അമിക്കസ് ക്യൂറി വധത്തിൽ ദുരൂഹതയുണ്ടെന്ന വാദം അംഗീകരിച്ചില്ല. നാഥൂറാം വിനായക് ഗോഡ്‌സെ അല്ലാതെ മറ്റൊരാളാണ് ഗാന്ധിക്ക് നേരെ വെടിയുതിർത്തതെന്ന ആരോപണം തെളിയിക്കാനായിട്ടില്ല. ഗാന്ധിക്ക് നേരെ വെടിയുതിർത്തത് ഗോഡ്‌സെയാണെന്ന് നിസംശയം തെളിഞ്ഞതാണ്. കേസിൽ കോടതികൾ തീർപ്പ് കൽപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗോഡ്‌സെയുടേത് അല്ലാതെ നാലാമത്തെ വെടിയുണ്ടയാണ് ഗാന്ധി കൊല്ലപ്പെടാൻ ഇടയാക്കിയതെന്ന ഹർജിക്കാരന്റെ വാദം നിലനിൽക്കില്ല. വിദേശ ഏജൻസിക്ക് വധത്തിൽ പങ്കുണ്ടെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. കേസിൽ പുതിയ തെളിവുകൾ ഒന്നും ലഭ്യമല്ലെന്നിരിക്കെ വീണ്ടും അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നും വിചാരണ കോടതിയുടെ 4000 പേജ് രേഖകളും 1969ലെ ജീവൻലാൽ കപൂർ അന്വേഷണ കമ്മിഷൻ റിപ്പോർട്ടും പരിശോധിച്ച് അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ഈ മാസം 12ന് ഗാന്ധി വധത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുന്ന ഘട്ടത്തിൽ റിപ്പോർട്ടും പരിഗണിക്കാമെന്ന കോടതി വ്യക്തമാക്കി. നിരവധി തെളിവുകൾ പരിശോധിക്കാനുണ്ടെന്നും വധത്തിൽ വിദേശ ഏജൻസിയുടെ പങ്കിലേക്കാണ് അത് തുറക്കുന്നതെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഗാന്ധിജിയുടെ ശരീരത്തിൽ നാല് വെടിയുണ്ടകൾ ഏറ്റെങ്കിലും ഇതിൽ നാലാമത്തേത് ഗോഡ്സെയുടെ തോക്കിൽ നിന്നല്ലെന്നും മറ്റൊരാൾ ഉതിർത്ത വെടിയേറ്റാണ് ഗാന്ധിജി മരിച്ചതെന്നും ആരോപിച്ച് മുംബൈയിലെ അഭിനവ് ഭാരത് എന്ന സംഘടനയുടെ അധ്യക്ഷൻ ഡോ. പങ്ക് ഫഡ്‌നീസ് ആണ് കോടതിയെ സമീപിച്ചത്.

