സിദ്ധരാമയ്യയെ വിമർശിച്ച് യോഗി ആദിത്യനാഥ്
ബംഗളൂരു : ബീഫിന്റെ പേരിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിമർശിച്ച് യോഗി ആദിത്യനാഥ് രംഗത്ത്. സിദ്ധരാമയ്യ ഒരു ഹിന്ദുവാണെങ്കിൽ അദ്ദേഹം എന്തിനാണ് ബീഫ് കഴിക്കുന്നതിന്റെ വക്താവാകുന്നതെന്ന് യോഗി ആദിത്യനാഥ് ചോദിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പിനു മുന്പ്് ക്ഷേത്രങ്ങൾ സന്ദർശിച്ച് ഹിന്ദുത്വത്തെക്കുറിച്ച് സംസാരിച്ച രാഹുൽ ഗാന്ധിയുടെ പാതയാണ് സിദ്ധരാമയ്യ പിന്തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ബംഗളൂരുവിൽ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുവാണെന്ന് അവകാശപ്പെടുന്ന ഒരു വാർത്താ റിപ്പോർട്ട് കണ്ടു. ഹിന്ദുക്കളുടെ ശക്തി അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാലാണ് രാഹുൽ ഗാന്ധി ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് ക്ഷേത്രങ്ങള സന്ദർശിച്ചപോലെ ഇപ്പോൾ ഹിന്ദുത്വത്തെ കുറിച്ച് സിദ്ധരാമയ്യ സംസാരിക്കുന്നത്, യോഗി ആദിത്യനാഥ് പറഞ്ഞു. ഹിന്ദുത്വം എന്നത് ജീവിത രീതിയാണ്. അതൊരിക്കലും മതവുമായോ ജാതിയുമായോ പ്രാർഥനാരീതിയുമായോ ബന്ധപ്പെട്ടതല്ല. എനിക്ക് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത് അദ്ദേഹം ഒരു ഹിന്ദുവും ഹിന്ദുത്വത്തെ പിന്താങ്ങുകയും ചെയ്യുന്ന ഒരാളാണെങ്കിൽ ബീഫ് കഴിക്കുന്നതിനെ എങ്ങനെയാണ് അംഗീകരിക്കാൻ കഴിയുന്നത് എന്നാണ്. ബിജെപി കർണാടകയിൽ അധികാരത്തിലിരുന്നപ്പോൾ പശുവിനെ അറക്കുന്നത് പൂർണ്ണമായും നിരോധിക്കാൻ ഒരു ബില്ല് കൊണ്ടു വന്നിരുന്നു. പക്ഷെ ആ ബില്ല് പാസ്സാക്കാൻ കോൺഗ്രസ്സ് അനുവദിച്ചില്ല.

