കാശ്മീർ പ്രശ്നം : ഇന്ത്യ-പാക് ചർച്ച മാത്രമാണ് പ്രതിവിധിയെന്ന് മെഹബൂബ മുഫ്തി
ശ്രീനഗർ : കാശ്മീരിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ ഇന്ത്യ-പാക് ചർച്ച മാത്രമാണ് പ്രതിവിധിയെന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. മുൻ മുഖ്യമന്ത്രിയും മെഹബൂബയുടെ പിതാവുമായ മുഫ്തി മുഹമ്മദ് സെയ്ദിന്‍റെ രണ്ടാം ചരമവാർഷികാചരണ വേളയിലാണ് മെഹബൂബ ഇങ്ങനെ പറഞ്ഞത്. ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ കാശ്മീരിലെ ജനങ്ങളെ കൊന്നൊടുക്കാൽ മാത്രമേ ഉണ്ടാകൂ. ജനങ്ങൾ ഒന്നുകിൽ ഭീകരരുടെ കൈയാൽ കൊല്ലപ്പെടുന്നു. അല്ലെങ്കിൽ പോലീസുകാരുടെ കൈയാൽ കൊല്ലപ്പെടും.
കാശ്മീരിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചർച്ചകൾ പുനഃരാരംഭിക്കുന്നതു മാത്രമാണ് പ്രതിവിധി,− അനന്ത്നാഗിലെ ദാരാ ഷിഗോ ഗാർഡനിൽ ഒത്തുചേർന്ന പാർട്ടി പ്രവർത്തകരോടായി മെഹബൂബ പറഞ്ഞു. കാശ്മീരിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ പി.ഡി.പി കഠിന പരിശ്രമം നടത്തുകയാണെന്നും അവർ കൂട്ടിച്ചേർത്തു. പരിപാടിക്കു നേരെ ആക്രമണ ഭീഷണിയുണ്ടായിരുന്നതിനാൽ ചടങ്ങുകൾക്കു കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.

