സച്ചിന്‍റെ മകളോട് പ്രണയാഭ്യർഥന: യുവാവ് അറസ്റ്റിൽ
കൊൽക്കത്ത: ഫോണിൽ പ്രണയാഭ്യർഥന നടത്തി ശല്യപ്പെടുത്തിയ സച്ചിൻ ടെണ്ടുൽക്കറിന്‍റെ മകൾ സാറ ടെണ്ടുൽക്കറുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. കൊൽക്കത്ത സ്വദേശി ദേബ്കുമാർ മെയ്തിയെയാണ് മുംബൈ പോലീസിന്‍റെ പ്രത്യേക സംഘം പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.
മാഷിഷാദാൽ സ്വദേശിയായ ദേബ്കുമാർ സച്ചിന്‍റെ മുംബൈയിലെ വീട്ടിലേക്കു ഫോൺ ചെയ്യുകയും അശ്ലീല സംഭാഷണം നടത്തുകയും സാറയെ തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് സാറ പോലീസിൽ നൽകിയ പരാതി. ഇത്തരത്തിൽ 20 തവണ ഫോൺ വിളികൾ വന്നിരുന്നതായി പരാതിയിൽ പറയുന്നു.
അതേസമയം, ദേബ്കുമാർ മാനസിക പ്രശ്നമുള്ളയാളാണെന്ന് ഇയാളുടെ ബന്ധുക്കൾ പോലീസിനോടു പറഞ്ഞു. ഇത് പരിശോധനയ്ക്കുശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ എന്ന നിലപാടിലാണ് പോലീസ്. മാത്രമല്ല, സച്ചിന്‍റെ വസതിയിലെ ഫോൺ നന്പർ എങ്ങനെ ദേബ്കുമാറിനു ലഭിച്ചു എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. സാറയെ താൻ ടിവിയിൽ കണ്ടാണ് ഇഷ്ടപ്പെട്ടതെന്നും സാറയെ വിവാഹം ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ദേബ്കുമാർ പോലീസിനോടു പറഞ്ഞു.

