രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
ന്യൂഡൽഹി : ജെയ്റ്റ്ലിക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ചുവെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡുവാണ് ലോക്സഭാ സ്പീക്കർ സുമിത്രമഹാജന്് ഇതുസംബന്ധിച്ച നോട്ടീസ് അയച്ചത്. തുടർനടപടികൾ കൈക്കൊള്ളണമെന്ന് ശനിയാഴ്ച്ച അയച്ച നോട്ടീസിൽ രാജ്യസഭാധ്യക്ഷൻ ആവശ്യപ്പെട്ടു. ജെയ്റ്റ്ലി എന്നതിന് പകരം കള്ളം എന്നർഥം വരുന്ന ജെയ്റ്റ്ലൈ എന്ന പദം ട്വീറ്റിൽ രാഹുൽ ഉപയോഗിച്ചതാണ് അവകാശ ലംഘന നോട്ടീസിന് ആധാരം.
സഭാ നേതാവായ അരുൺ ജെയ്റ്റിലിക്കു നേരെ മോശം വാക്കുകൾ ഉപയോഗിച്ചത് അവകാശ ലംഘനമാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. പ്രഥമ പരിശോധനയിൽ അവകാശ ലംഘനം നടന്നിട്ടുണ്ട് എന്ന് കണ്ടെത്തിയതിനാലാണ് നടപടിയെന്ന് വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധി ലോക്സഭാംഗമായതിനാലാണ് ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് അയച്ചത്.
രാജ്യസഭാംഗവും ബി.ജെ.പി നേതാവുമായ ഭൂപീന്ദർ യാദവ് ആണ് അവകാശ ലംഘനത്തിന് ആദ്യം നോട്ടീസ് അയച്ചത്. രാഹുൽ ഗാന്ധി തന്റെ ട്വീറ്റിലൂടെ രാജ്യസഭയുടെ അവകാശത്തെയും തീരുമാനത്തെയും ചോദ്യം ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

