മോദി സർക്കാരിനും നിതീഷ് കുമാറിനുമെതിരെ തേജസ്വി യാദവ്
പട്ന : കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലുവിന്റെ മകൻ തേജസ്വി യാദവ് നരേന്ദ്രമോദി സർക്കാരിനും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനുമെതിരെ ആരോപണവുമായി രംഗത്ത്. കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ചേർന്ന് തന്റെ കുടുംബത്തിനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സാധാരണക്കാരുടെ മിശിഹയാണ് ലാലുവെന്ന് തേജസ്വി അവകാശപ്പെട്ടു. രാഷ്ട്രീയ ശത്രുക്കളാണ് അദ്ദേഹത്തെ കേസിൽ കുടുക്കിയതെന്ന് ജനങ്ങൾക്കറിയാം. ലാലുവിനെതിരായ നീക്കത്തെ ജനങ്ങളുടെ കോടതിയിൽ നേരിടും. പാർട്ടി ഒറ്റക്കെട്ടാണ്.അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പി −ജെ.ഡി.യു സഖ്യത്തിന് ശക്തമായ തിരിച്ചടി നൽകും.
പ്രത്യേക സി.ബി.ഐ കോടതിയുടെ ശിക്ഷാ വിധി വിശദമായി പഠിച്ചശേഷം ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും ലാലുവിന്റെ ഇളയമകനും ബിഹാറിലെ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ ജനതാ ദൾ (ആർ.ജെ.ഡി) ന്റെ മുതിർന്ന നേതാക്കളുടെയും എം.പിമാരുടെയും എം.എൽ.എമാരുടെയും യോഗത്തിനു ശേഷമാണ് തേജസ്വി യാദവ് മാധ്യമങ്ങളെ കണ്ടത്.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് റാഞ്ചിയിലെ പ്രത്യേക കോടതി ലാലുവടക്കം 15 പ്രതികൾക്ക് ശിക്ഷ വിധിച്ചത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റൊരുകേസിൽ 2013 ൽ ലാലു പ്രസാദ് യാദവിന് അഞ്ചുവർഷം തടവുശിക്ഷ ലഭിച്ചിരുന്നു. എന്നാൽ ആ വർഷം ഡിസംബറിൽ സുപ്രീം കോടതി ലാലുവിന് ജാമ്യം അനുവദിച്ചിരുന്നു.

