കുൽഭൂഷന്റെ കുടുംബത്തെ പാകിസ്ഥാൻ അപമാനിച്ചു : സുഷമ
ന്യൂഡൽഹി : ചാരവൃത്തി കുറ്റം ആരോപിച്ച് പാകിസ്ഥാൻ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ മുൻ നാവികോദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന്റെ അമ്മയേയും ഭാര്യയേയും പാകിസ്ഥാൻ അപമാനിച്ചത് പാകിസ്ഥാന്‍റെ നെറികെട്ട നടപടിയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാർലമെന്‍റിൽ പ്രസ്താവനയിലാണ് പാകിസ്ഥാനെതിര രൂക്ഷമായ ഭാഷയിൽ സുഷമയുടെ പ്രതികരണം. പാകിസ്ഥാൻ കുൽഭൂഷണിന്‍റെ കുടുംബത്തോട് ചെയ്തത് അങ്ങേയറ്റം അപലപനീയമാണ്. ചെരുപ്പിൽ ചിപ്പുണ്ടായിരുന്നു എന്നതടക്കമുള്ള വാദങ്ങൾ തീർത്തും കള്ളപ്രചരണമാണ്. നേരത്തെ വാർത്താസമ്മേളനം നടത്തിയപ്പോൾ പോലും പറയാത്ത ആരോപണമാണ് സംഭവം വിവാദമായ ശേഷം പാകിസ്ഥാൻ ഉന്നയിക്കുന്നതെന്നും സുഷമ പറഞ്ഞു.
കുൽഭൂഷണിന്റെ കാര്യത്തിൽ പാകിസ്ഥാൻ മുൻധാരണകൾ ലംഘിക്കുകയായിരുന്നു. കുൽഭൂഷണിന്റെ വിചാരണ പോലും സുതാര്യമായല്ല നടത്തിയത്. അതിന് പിന്നാലെ അദ്ദേഹത്തിന്റെ അമ്മയേയും ഭാര്യയേയും വസ്ത്രമഴിച്ച് പരിശോധിക്കുകയും ചെയ്തുവെന്നും സുഷമ പറഞ്ഞു. താലിമാലയും ആഭരണങ്ങളും അഴിച്ചു മാറ്റിയ പാകിസ്ഥാൻ ഇരുവരേയും വിധവകളെ പോലെയാണ് പരിഗണിച്ചത്. മനഃപൂർവം പാകിസ്ഥാൻ ഇത്തരത്തിൽ പ്രവർത്തിക്കുയായിരുന്നു. ജാദവിന്റെ അമ്മയോടും ഭാര്യയോടും പാകിസ്ഥാൻ കാണിച്ചത് മാപ്പർഹിക്കാത്തതും കടുത്ത ഭാഷയിൽ അപലപിക്കേണ്ടതുമായ നടപടിയാണെന്നും സുഷമ പറഞ്ഞു. മന്ത്രിയുടെ വാക്കുകൾക്ക് പൂർണപിന്തുണയാണ് പ്രതിപക്ഷം നൽകിയത്. പാകിസ്ഥാന്റെ പ്രവൃത്തി നിന്ദ്യമാണെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് സഭയിൽ അഭിപ്രായപ്പെട്ടു.
അതിനിടെ കുൽഭൂഷൺ ജാദവിന്റെയും അമ്മയുടെയും സംഭാഷണങ്ങൾ പാകിസ്ഥാൻ മാധ്യമങ്ങൾ പുറത്തുവിട്ടു. താൻ മരണത്തെ ഭയക്കുന്നില്ല. താൻ ഒരു നാവിക ഉദ്യോഗസ്ഥനാണ്. നുണ പറയാൻ പരിശീലിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നതായാണ് ഓഡിയോ ടേപ്പ്. കുൽഭൂഷന്റെ കുടുംബത്തെ അപമാനിച്ചുവെന്ന് ഇന്ത്യ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് പാക് മാധ്യമങ്ങൾ ഈ സംഭാഷണങ്ങൾ പുറത്തുവിട്ടത്.

