മുത്തലാഖ് ബിൽ പാർലമെന്‍റിൽ അവതരിപ്പിച്ചു

ന്യൂഡൽഹി : മുത്തലാഖ് ക്രിമിനൽ കറ്റമാക്കുന്ന ബിൽ ഇന്ന് ലോകസഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ അവതരിപ്പിച്ചത്. ചരിത്ര ദിനമാണിതെന്നും ബിൽ മുസ്ലിം സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്നതാണെന്നും ബിൽ അവതരിപ്പിച്ച ശേഷം അദ്ദേഹം പറഞ്ഞു. മുത്തലാഖ് നടത്തുന്നവർക്ക് മൂന്ന് വർഷം തടവ് ശിക്ഷ ഉറപ്പാക്കുന്നതടക്കമുള്ള വ്യവസ്ഥകൾ ഉള്ള ബില്ലാണ് അവതരിപ്പിച്ചത്.
അതേസമയം മുത്തലാഖ് ബില്ലിൽ മാറ്റം വേണമെന്ന് കോൺഗ്രസ് എം.പിമാർ സഭയിൽ ആവശ്യപ്പെട്ടു. മുത്തലാഖ് നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നു. എന്നാൽ മൂന്ന് വർഷം ജയിൽ ശിക്ഷ നൽകുന്ന വ്യവസ്ഥയെയാണ് ചോദ്യം ചെയ്യുന്നതെന്നും കോൺഗ്രസ് സഭയെ അറിയിച്ചു. ജയിലിലുള്ളയാൾ എങ്ങനെ ജീവനാംശം നൽകും. ജീവനാംശം നിർണയിക്കുന്നതിലും വ്യക്തത വേണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് എം.പിമാർ പാർലമെന്‍റിൽ ബഹളം വെച്ചത്. ബിൽ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ട് ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്ന ആവശ്യം കോൺഗ്രസ് മുന്നോട്ടുവെച്ചു. എന്നാൽ കോൺഗ്രസിന്റെ ആവശ്യം കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് തള്ളി.
മൂന്ന് വർഷത്തെ തടവുശിക്ഷ എന്ന വ്യവസ്ഥ ഒഴിവാക്കണമെന്നായിരുന്നു ആർ.ജെ.ഡിയുടെ ആവശ്യം. ബിൽ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് അസദുദ്ദീൻ ഒവൈസിയും പ്രതികരിച്ചു. ആർട്ടിക്കിൾ 25ന്‍റെ ലംഘനമാണിതെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തി. അണ്ണാ ഡി.എം.കെയും ബിജു ജനതാദളും ബില്ലിനെ എതിർത്തു.