ഭാര്യ ഉൾപ്പെടെ 7 ബന്ധുക്കളെ കുടുംബവഴക്കിനെത്തുടർന്ന് കൊലപ്പെടുത്തി; ബംഗളൂരുവിൽ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍
ശാരിക
ബംഗളൂരു: കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയേയും ആറു ബന്ധുക്കളേയും ടാക്സി ഡ്രൈവർ കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതിയായ ഇന്ദു ശേഖറിനെ (45) പൊലിസ് പിടികൂടി.
ഇന്ദു ശേഖറിന്റെ ഭാര്യ സുനിത, ഭാര്യമാതാവ് രൂപവതി, ഭാര്യാ സഹോദരന്മാരായ ശിവകുമാർ, ശങ്കർ, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ശങ്കറിന്റെ ഏഴ് വയസുള്ള മകൻ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടത്.
ആദ്യം ഭാര്യ സുനിതയെയാണ് ഇന്ദു ശേഖർ വധിച്ചത്. തുടർന്ന് വീട്ടില്‍ ഒരു പാർട്ടി ഉണ്ടെന്ന് പറഞ്ഞ് സുനിതയുടെ സഹോദരന്മാരെ ഇയാള്‍ അങ്ങോട്ട് വിളിച്ചുവരുത്തി കൊലപ്പെടുത്തി. ഇതിനുപിന്നാലെ ഇവരുടെ ഭാര്യമാരേയും രൂപവതിയേയും പുനീതിനേയും വീണ്ടും ഫോണില്‍ വിളിച്ചുവരുത്തി ഒന്നിനുപിറകെ ഒന്നായി കൊലപ്പെടുത്തുകയായിരുന്നു.
അരകല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് ഏഴുപേരെയും പ്രതി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിനായി വീടുകളിലെ രക്തക്കറകള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഇയാള്‍ വൃത്തിയാക്കി. തുടർന്ന് മൃതദേഹങ്ങള്‍ സ്വന്തം വാഹനത്തില്‍ കയറ്റി ബംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും നന്ദി ഹില്‍സ് പോലെയുള്ള വിജനമായ സ്ഥലങ്ങളിലും കൊണ്ടുപോയി തള്ളുകയായിരുന്നു.
കുടുംബാംഗങ്ങളെ കാണാതായതിനെ തുടർന്ന് ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരങ്ങള്‍ പുറത്തുവന്നത്. കൊല്ലപ്പെട്ട ഏഴുവയസുകാരൻ പുനീതിന്റെ മൃതദേഹം പൊലിസ് കണ്ടെടുത്തു. ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചില്‍ പൊലിസ് തുടരുകയാണ്.
േ്ി്േി

