മോഡിയുടെ വിശ്വാസ്യത തകർന്നുവെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി : ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ധാർമിക വിജയം കോൺഗ്രസിനാണെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വാസ്യതയ്ക്ക് സ്വന്തം തട്ടകത്തിൽ തന്നെ കോട്ടം തട്ടിയിരിക്കുകയാണ്. മോഡി മോഡലിനെ ഗുജറാത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞു. ബി.ജെ.പിക്ക് ഞെട്ടൽ സമ്മാനിക്കാൻ കോൺഗ്രസിന് സാധിച്ചെന്നും രാഹുൽ പറഞ്ഞു.
ഏറ്റവും നല്ല പ്രകടനമാണ് ഗുജറാത്തിൽ കോൺഗ്രസ് കാഴ്ചവച്ചത്. മൂന്നു ദശകങ്ങൾക്കിടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് ബി.ജെ.പി നേടിയത്. വിദ്വേഷവും പണവുമുപയോഗിച്ച് കാര്യങ്ങളെ പൂർണമായും കൈയിലെടുക്കാൻ സാധിക്കില്ലെന്ന സന്ദേശമാണ് ഗുജറാത്ത് നൽകുന്നതെന്നും രാഹുൽ പറഞ്ഞു.
നുണകളെയും ഭീഷണികളെയും അധിക്ഷേപങ്ങളെയും സ്നേഹം കൊണ്ട് കീഴ്പ്പെടുത്താമെന്നാണ് ഗുജറാത്ത് ജനത പ്രധാനമന്ത്രിയെ പഠിപ്പിച്ചെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. തനിക്കും ഇതൊരു പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് മാസം ഗുജറാത്ത് ജനത എനിക്ക് ഒരുപാട് സ്നേഹം തന്നു. നുണകളോടും ഭീഷണികളോടും അധിക്ഷേപത്തോടും സ്നേഹത്തോടെയും സാഹോദര്യത്തോടെയും പ്രതികരിക്കാൻ അവരെന്നെ പഠിപ്പിച്ചു. മോഡിയുടെ ദേഷ്യത്തെ സ്നേഹം കൊണ്ട് പരാജയപ്പെടുത്താമെന്ന് അവർ അദ്ദേഹത്തെ പഠിപ്പിച്ചു.
ബി.ജെ.പിയുടെ പ്രചരണം പരാജയപ്പെട്ടിരിക്കുകയാണ്. വിപണനകലയിൽ മോഡി അഗ്രഗണ്യനാണ്. എന്നാൽ അദ്ദേഹത്തിന്‍റെ വികസന മാതൃകയിൽ ഗുജറാത്ത് ജനത വിശ്വസിക്കുന്നില്ല, വികസനത്തെ കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. എന്നാൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അദ്ദേഹത്തിന് കഴിയുന്നില്ല. അത്തരത്തിൽ അദ്ദേഹം അനാവരണം ചെയ്യപ്പെടുകയാണ് − പാർലമെന്‍റിന് മുന്നിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ രാഹുൽ പറഞ്ഞു.

