ആധാർ ബന്ധിപ്പിക്കൽ : സമയപരിധി നീട്ടി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
ന്യൂഡൽഹി : വിവിധ സേവനങ്ങളുമായി ആധാർ ബന്ധിപ്പിക്കാനുള്ള കാലാവധി 2018 മാർച്ച് 31 വരെ സുപ്രീം കോടതി നീട്ടി. ജനുവരി 10ന് കേസിൽ അന്തിമവാദം തുടങ്ങാനിരിക്കെ ഇടക്കാല ഉത്തരവിലൂടെയാണ് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഫെബ്രുവരി ആറ് വരെയായിരുന്നു കേന്ദ്രസർക്കാർ സേവനങ്ങൾക്ക് ആധാർ ബന്ധിപ്പിക്കാൻ വെച്ചിരുന്ന അവസാന തീയതി.
സാമൂഹ്യ സുരക്ഷാ പദ്ധതികൾ, പാൻകാർഡ്, ക്രഡിറ്റ് കാർഡ്, ബാങ്ക് അക്കൗണ്ട്, ഇൻഷൂറൻസ് തുടങ്ങി എല്ലാ സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതിയാണ് മാർച്ച് 31 വരെ നീട്ടിയത്. എല്ലാ സേവനങ്ങൾക്കും സമയപരിധി ബാധകമാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ട് കോടതി അറിയിച്ചു.
ബാങ്ക് അക്കൗണ്ട്, സർക്കാർ ആനുകൂല്യങ്ങൾ, പാൻ കാർഡ്, മൊബൈൽ ഫോൺ കണക്‌ഷൻ തുടങ്ങിയവയ്‌ക്കാണ് കേന്ദ്രസർക്കർ ആധാർ നന്പർ നിർബന്ധമാക്കി ഉത്തരവിറക്കിയത്. ഇത് ചോദ്യം ചെയ്തുള്ള ഹർജികളിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.

