തിരഞ്ഞെടുപ്പ് പ്രചാരണം : ഗുജറാത്തിൽ പപ്പു പ്രയോഗം ഒഴിവാക്കാൻ നിർദ്ദേശം
അലഹബാദ് : ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി തയ്യാറാക്കിയ പരസ്യത്തിൽ ഉപയോഗിച്ചിട്ടുള്ള 'പപ്പു' എന്ന വാക്ക് അടിയന്തിരമായി ഒഴിവാക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ. കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്താൻ ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഇലക്രേ്ടാണിക് പരസ്യങ്ങൾ വഴി പപ്പു എന്ന വാക്ക് വ്യാപകമായി ഉപയോഗിക്കുന്നതിനെതിരേയാണ് ഇലക്ഷൻ കമ്മീഷന്റെ നടപടി.
എന്നാൽ പരസ്യങ്ങളിലെ വാക്ക് ആരേയും വ്യക്തിപരമായി ലക്ഷ്യമിട്ട് അല്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സംബന്ധമായ പരസ്യങ്ങൾ ഉണ്ടാക്കുന്നതിന് മുന്പ് അതിന്റെ സ്‌ക്രിപ്റ്റ് ഹാജരാക്കണമെന്ന് ഗുജറാത്ത് മുഖ്യ തിരഞ്ഞടുപ്പ് കമ്മീഷന്റെ കീഴിലുളള മാധ്യമ കമ്മിറ്റി അറിയിച്ചു.
പപ്പു എന്ന വാക്ക് അധിക്ഷേപപരമായി ഉപയോഗിക്കുന്നതാണെന്നും എല്ലാ പരസ്യങ്ങളിൽ നിന്നും ഇത് നീക്കം ചെയ്യണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതായി ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി. ’പപ്പു’ എന്ന വാക്ക് പ്രത്യക്ഷത്തിൽ ആരേയും വ്യക്തിപരമായി സൂചിപ്പിക്കാത്തത് കൊണ്ട് തന്നെ ഇത് ഉപയോഗിക്കാൻ സമ്മതിക്കണമെന്ന് ബി.ജെ.പി കമ്മീഷനെ അരിയിച്ചിരുന്നു.
എന്നാൽ ഇത് തളളുകയായിരുന്നു. വാക്ക് നീക്കം ചെയ്ത് പുതിയ തിരക്കഥ ഉണ്ടാക്കി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്പിൽ ഹാജരാക്കുമെന്ന് ഗുജറാത്തിൽ നിന്നുളള മുതിർന്ന ബി.ജെ.പി നേതാവ് അറിയിച്ചു. ഗുജറാത്ത് ചീഫ് ഇലക്ടറൽ ഓഫീസർ മേധാവിയായുള്ള മീഡിയ കമ്മിറ്റിയും ഇതിനെ എതിർത്തിട്ടുണ്ടെന്ന് ബി.ജെ.പി നേതൃത്വം തന്നെ വ്യക്തമാക്കി. ഇതേത്തുടർന്ന് ഈ വാക്ക് മാറ്റുമെന്നും പകരം പുതിയ വാക്ക് ചേർത്ത ശേഷം പരസ്യം അനുമതിക്കായി വീണ്ടും സമർപ്പിക്കുമെന്നും ബി.ജെപി നേതൃത്വം അറിയിച്ചു.
ബി.ജെ.പിയും സംഘപരിവാറും സൃഷ്ടിച്ച പപ്പു ടാഗിലൂടെ സ്വന്തം പാർട്ടി പ്രവർത്തകർക്കിടയിൽ പോലും പരിഹാസത്തിന് പത്രമായിരുന്നു കോൺഗ്രസ് ഉപാദ്ധ്യക്ഷൻ. എന്നാൽ ഇത്തരം അപഹസിക്കലുകളെയെല്ലാം മറികടന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത തിരിച്ചുവരവാണ് രാഹുൽ ഇപ്പോൾ നടത്തിയിരിക്കുന്നത്.
പപ്പു എന്ന പേര് ഇപ്പോൾ മോഡിയെയും രാഹുലിനെയും കളിയാക്കാൻ ഇരു പാർട്ടികളും ഉപയോഗിക്കുന്നു.


