കാശ്മീരിലെ സംഘർഷങ്ങളിൽ അയവ് വരുത്താൻ എൻ.ഐ.എയ്ക്ക് സാധിച്ചു : രാജ്നാഥ് സിംഗ്
ലക്നൗ : കാശ്മീരിലെ സംഘർഷങ്ങളിൽ അയവ് വരുത്താൻ ദേശീയ അന്വേഷണ ഏജൻസിയായഎൻ.ഐ.എയ്ക്ക് സാധിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ദേശീയ അന്വേഷണ ഏജൻസിയുടെ പ്രവർത്തനം മൂലം വടക്ക് കിഴക്കൻ മേഖലയിൽ 75ശതമാനത്തോളം തീവ്രവാദ പ്രവർത്തനങ്ങളും 44 ശതമാനം നെക്സൽ പ്രവർത്തനങ്ങളും കുറഞ്ഞെന്നും രാജ്യത്തെ ഏറ്റവും കുറ്റമറ്റ അന്വേഷണ ഏജൻസിയാണ് എൻ.ഐ.എയെന്നും അദ്ദേഹം വ്യക്തമാക്കി. ലക്നൗവിൽ എൻ.ഐ.എയുടെ റസിഡൻഷ്യൽ കോംപ്ലക്സ് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2009ൽ പ്രവർത്തനം ആരംഭിച്ച എൻ.ഐ.എ ആരംഭ ഘട്ടം മുതൽ തന്നെ മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. കള്ളനോട്ടുകൾ വഴിയാണ് തീവ്രവാദ നെക്സൽ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം നൽകുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 165ഓളം കേസുകൾ എൻ.ഐ.എ അന്വേഷിക്കുന്നുണ്ടെന്നും പ്രധാന സ്രോതസുകൾക്ക് പിടിവീഴുന്നതോടെ രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് അവസാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

