നിതീഷിനൊപ്പമില്ല ; രാജ്യസഭാംഗത്വം രാജിവെക്കാനും തയ്യാർ : വീരേന്ദ്രകുമാർ
ന്യൂഡൽഹി : ബിഹാറിൽ ബി.ജെ.പിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനെടുത്ത നിതീഷ് കുമാറിന്റെ തീരുമാനം െഞട്ടിപ്പിക്കുന്നതായിരുന്നെന്ന് ജനതാദൾ യുണൈറ്റഡ് സംസ്ഥാന പ്രസിഡണ്ടും രാജ്യസഭാഗംവുമായ എം.പി വീരേന്ദ്ര കുമാർ. നിതീഷിന്റെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും കേരള ഘടകം നിതീഷിനൊപ്പം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
നീതിഷിന്റെ തീരുമാനത്തെ ജെ.ഡി.യു ദേശീയ അധ്യക്ഷൻ ശരത് യാദവ് ശക്തമായി എതിർക്കണമെന്നും തള്ളിപറയണമെന്നും വീരേന്ദ്രകുമാർ ആവശ്യപ്പെട്ടു. ഹിന്ദുത്വ ആശയം ഒരിക്കലും അംഗീകരിക്കാനാവില്ല. ജെ.ഡി.യു കേരള ഘടകം നിതീഷിനൊപ്പം നിൽക്കില്ല. എന്തുവിലകൊടുത്തും സംസ്ഥാന ഘടകം നിതീഷിന്റെ തീരുമാനത്തെ എതിർക്കും. ബി.ജെ.പിയുമായി കൂട്ടുചേർന്ന നടപടി പാർട്ടിക്കുള്ളിൽ അമർഷത്തിനിടയാക്കിയിട്ടുണ്ട്. നിതീഷ്കുമാർ വിഷയം ജെ.ഡി.യുവിന്റെ എല്ലാ എം.പിമാരുമായും സംസാരിക്കും. പാർട്ടിയുടെ എല്ലാ എം.പിമാരും നിതീഷിനെ എതിർക്കണം. രാജ്യസഭാംഗത്വം വേണ്ടിവന്നാൽ രാജിവെക്കുമെന്നും വ്യക്തമായ തീരുമാനം കേരളത്തിലെത്തിയ ശേഷം പറയുമെന്നും അദ്ദേഹം പറഞ്ഞു.

