ദിലീപുമായി സാന്പത്തിക ഇടപാടുകളില്ല : റിമി ടോമി
കൊച്ചി : നടൻ ദിലീപുമായി തനിക്ക് സാന്പത്തിക ഇടപാടുകൾ ഒന്നും തന്നെ ഇല്ലെന്ന് ഗായിക റിമി ടോമി. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ നേരത്തെ തന്റെ വീട്ടിൽ നടന്ന ആദായനികുതി റെയ്ഡിൽ അത് കണ്ടെത്തിയേനെയെന്നും റിമി ടോമി മാധ്യമങ്ങളോട് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു റിമി.
2010ലും 2017ലും താരങ്ങൾ അമേരിക്കയിൽ നടത്തിയ പരിപാടിയിൽ താനും പങ്കെടുത്തിരുന്നു. അതേക്കുറിച്ചും ഷോയിൽ ആരൊക്കെയുണ്ടായിരുന്നുവെന്നും തുടങ്ങിയ കാര്യങ്ങളാണ് പോലീസ് ചോദിച്ചത്. ഇതിനെല്ലാം കൃത്യമായ മറുപടി നൽകി. നടി ആക്രമിക്കപ്പെട്ട വിവരം ടി.വി ചാനലുകളിൽ നിന്നാണ് അറിയുന്നത്. സംഭവം അറിഞ്ഞ ദിവസം, കാവ്യയെ വിളിച്ചു. തൊട്ടടുത്ത ദിവസം തന്നെ ആക്രമിക്കപ്പെട്ട നടിയെ ബന്ധപ്പെട്ടു. വാട്സ്ആപ്പ് വഴി പരസ്പരം സന്ദേശങ്ങളും കൈമാറി. താനും ആ പെൺകുട്ടിയും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല. അത്തരം വാർത്തകൾ തെറ്റാണ്. തന്നോട് വിദേശത്തേക്ക് പോകരുതെന്ന് പറഞ്ഞതായി കേൾക്കുന്നുണ്ട്. ഇത് തെറ്റാണ്. സംഭവത്തിന് ശേഷം ദിലീപിനെ വിളിച്ചിട്ടില്ല. കാവ്യയും ദിലീപുമായി എനിക്ക് യാതൊരു ബിസിനസ് പങ്കാളിത്തവുമില്ല. അന്വേഷണത്തിന്റെ ഭാഗമായാണ് തന്നെ ചോദ്യം ചെയ്തതെന്നും റിമി പറഞ്ഞു.

