പുതിയ 200 രൂപ നോട്ടുകൾ അടുത്ത മാസം മുതൽ എത്തിത്തുടങ്ങും
ന്യൂഡൽഹി: അടുത്ത മാസം മുതൽ പുതിയ 200 രൂപ നോട്ടുകൾ എത്തിത്തുടങ്ങും. ഇതോടെ നോട്ടുകളുടെ വിനിമയം പഴയ നിലവാരത്തിലെത്തുമെന്നാണ് േസ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത്. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിന് മുന്പുള്ള അവസ്ഥയിലേക്ക് നോട്ടുകളുടെ വിതരണത്തെ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 200 രൂപ നോട്ടുകൾ കൊണ്ടുവരുന്നത്. നോട്ട് അസാധുവാക്കിയ സമയത്തെ വിനിമയത്തിന്റെ 86% ഇപ്പോൾ കൈവന്നതായാണ് എസ്.ബി.ഐ റിപ്പോർട്ട്.
2016 നവംബർ ഒന്പതിനാണു നോട്ട് അസാധുവാക്കൽ നടപടി പ്രഖ്യാപിച്ചത്. അന്നു 17.01 ലക്ഷം കോടി രൂപയുടെ നോട്ടുകളാണു വിനിമയത്തിലുണ്ടായിരുന്നത്. പുതിയ കണക്കു പ്രകാരം 14.50 ലക്ഷം കോടി രൂപയുടെ നോട്ടുകൾ വിനിമയത്തിലെത്തി. വിപണിയിൽ വിനിമയത്തിലുള്ള മൊത്തം നോട്ടുകളുടെ 3.8% ബാങ്കുകളിലായിരിക്കുമെന്നാണു സാധാരണ കണക്ക്. എന്നാൽ ബാങ്കുകളിലുള്ള പണം വിപണിയിലുള്ളതിന്റെ 5.4 ശതമാനമാണിപ്പോൾ. ഇതനുസരിച്ച് 25,000 കോടി രൂപ കൂടുതലായി ബാങ്കുകളിലുണ്ട്. ഇത് എ.ടി.എമ്മിലും മറ്റുമായി ഉപയോഗിക്കാത്ത അവസ്ഥയിലാണ്.
നിലവിൽ 500 രൂപയുടെ നോട്ട് കഴിഞ്ഞാൽ 2000 രൂപയുടെ നോട്ടേയുള്ളൂ. എ.ടി.എമ്മിൽ നിന്ന് ഇടത്തരം നോട്ടുകൾ പിൻവലിക്കുന്നതു കുറഞ്ഞിട്ടുണ്ട്. 200 രൂപ വ്യാപകമാകുന്നതോടെ എ.ടി.എമ്മിൽ നിന്നു കൂടുതൽ നോട്ടുകൾ പിൻവലിക്കുമെന്നാണു കണക്കുകൂട്ടൽ. അടുത്ത മാസം മുതൽ 200 രൂപ നോട്ടുകൾ എത്തിത്തുടങ്ങും.
അതേസമയം കുന്നുകൂടിയ അസാധുനോട്ടുകളിൽ നിന്നു കള്ളനോട്ടുകൾ കണ്ടെത്താനായി ആറു മാസത്തേക്കു 12 കറൻസി വെരിഫിക്കേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ആർ.ബി.ഐ ടെൻഡർ ക്ഷണിച്ചു. 500, 1000 രൂപ നോട്ടുകൾ എണ്ണിത്തീരുന്ന പ്രക്രിയ ഇനിയും പൂർത്തിയായിട്ടില്ല. കരാറടിസ്ഥാനത്തിൽ ഇതിന്റെ ചുമതല പുറത്തുനിന്നുള്ള കേന്ദ്രങ്ങൾക്ക് നല്കാനാണ് പരിപാടി. ഇതിനായി നേരത്തെ ടെൻഡർ വിളിച്ചെങ്കിലും അതു റദ്ദാക്കിയിരുന്നു. അസാധുനോട്ടുകൾ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണെന്ന റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദമായതിന്റെ പിന്നാലെയാണു പുതിയ നടപടി.

