രാജ്യസഭാ സ്ഥാനാര്‍ഥിയാകാനില്ലെന്നു സീതാറാം യച്ചൂരി : കേന്ദ്ര കമ്മിറ്റി ഡല്‍ഹിയിൽ തുടങ്ങി


ന്യൂഡൽഹി : രാജ്യസഭാ സ്ഥാനാര്‍ഥിയാകാനില്ലെന്നു സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി. ഇക്കാര്യം ചൊവ്വാഴ്ച കേന്ദ്രകമ്മിറ്റിയെ അറിയിക്കും. സീതാറാം യച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊളിറ്റ് ബ്യൂറോ. യച്ചൂരി മൽസരിക്കുന്നതിനെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ അടക്കമുളളവർ പിന്തുണച്ചിരുന്നു.

ഡല്‍ഹിയില്‍ തുടങ്ങിയ മൂന്നു ദിവസത്തെ കേന്ദ്ര കമ്മിറ്റിയില്‍ സീതാറാം യച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കണമോയെന്ന് തീരുമാനമാകും. മല്‍സരിക്കേണ്ടതില്ലെന്ന പൊളിറ്റ് ബ്യൂറോ തീരുമാനം സിസിയില്‍ റിപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ യച്ചൂരി മല്‍സരിക്കണമെന്ന ആവശ്യം ബംഗാള്‍ ഘടകം കേന്ദ്രകമ്മിറ്റിയില്‍ ഉന്നയിക്കും. കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പിനായും ബംഗാള്‍ ഘടകം ശ്രമിച്ചേക്കും.

ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായ യച്ചൂരിയുടെ കാലാവധി അടുത്തമാസം 18 നാണ് അവസാനിക്കുന്നത്. ബംഗാളിലും ഗുജറാത്തിലും മധ്യപ്രദേശിലുമായി 10 രാജ്യസഭാ സീറ്റുകളിലേക്ക് അടുത്തമാസം എട്ടിനാണു തിരഞ്ഞെടുപ്പ്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി വെള്ളിയാഴ്ചയാണ്. ബംഗാളില്‍ മല്‍സരം നടക്കുന്ന ആറില്‍ അഞ്ചുസീറ്റും ജയിക്കാന്‍ തൃണമൂലിന് സാധിക്കും. അവസാനിക്കുന്ന ഒരു സീറ്റില്‍ സീതാറാം യച്ചൂരിയാണ് സ്ഥാനാര്‍ഥിയെങ്കില്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് പിന്തുണയോടെ യച്ചൂരി രാജ്യസഭയിലെത്തുന്നതിനോട് പ്രകാശ് കാരാട്ട് പക്ഷത്തിന് യോജിപ്പില്ല. കേരളഘടകത്തിന്‍റെ പിന്തുണ കാരാട്ട് പക്ഷത്തിനാണ്. രാജ്യസഭയിലേക്ക് ഒരാള്‍ പരമാവധി രണ്ടുതവണ അംഗമായാല്‍ മതിയെന്ന പാര്‍ട്ടി കീഴ്‌വഴക്കം യച്ചൂരിക്ക് വേണ്ടി ഭേദഗതി ചെയ്യേണ്ടെന്നാണു പിബിയില്‍ ഭൂരിപക്ഷ നിലപാട്. എന്നാല്‍ ഇപ്പോള്‍ യച്ചൂരിയെ വിജയിപ്പിക്കാനുള്ള അവസരം മുതലെടുത്തില്ലെങ്കില്‍ ബംഗാളില്‍ നിന്നു രാജ്യസഭയില്‍ അംഗങ്ങളില്ലാത്ത അവസ്ഥയാകുമെന്നാണു ബംഗാള്‍ ഘടകത്തിന്‍റെ നിലപാട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed