പിഡിപി നാളെ നടാത്താനിരുന്ന ഹർത്താല്‍ പിൻവലിച്ചു
കൊല്ലം : നാളെ സംസ്ഥാന വ്യാപകമായി പിഡിപി ആഹ്വാനം ചെയ്തിരുന്ന ഹർത്താല്‍ പിൻവലിച്ചു. ഹർത്താലിൽനിന്ന് പിൻമാറണമെന്ന് പാർട്ടി ചെയർമാൻ അബ്ദുൽ നാസർ മഅദനി ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനമെന്ന് വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി അറിയിച്ചു. അബ്ദുൾ നാസ്സർ മഅദനിക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർ ആണ് നിർദേശം നൽകിയത്. ഹർത്താൽ വിഷയം കർണാടക സുപ്രീം കോടതിയിൽ ഉന്നയിച്ചാൽ ജാമ്യത്തിന് തിരിച്ചടി ആകും എന്നാണ് അഭിഭാഷകർ അറിയിച്ചത്.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാൻ കേരളത്തിലേക്ക് യാത്ര ചെയ്യണമെന്നാവശ്യപ്പെട്ട് മഅദനി സമർപ്പിച്ച ഹർജി തള്ളിയ കർണാടക എൻഐഎ കോടതി വിധിയിൽ പ്രതിഷേധിച്ചാണ് പിഡിപി ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്. ബുധനാഴ്ചത്തെ ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നു.
അതിനിടെ, മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് മഅദനി ബെംഗളൂരുവില്‍ വ്യക്തമാക്കി.

