എം.വിൻസന്റ് എംഎൽഎയുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും


തിരുവനന്തപുരം : അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന എം.വിൻസന്റ് എംഎൽഎയുടെ ജാമ്യാപേക്ഷ നെയ്യാറ്റിൻ‍കര മജിസ്ട്രേട്ട് കോടതി ഇന്നു മൂന്നിനു പരിഗണിക്കും. നെയ്യാറ്റിൻകര സബ്ജയിലിൽ കഴിയുന്ന വിൻസന്റിനെ ഇന്നു ഹാജരാക്കണമെന്നു കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കേസ് തിങ്കളാഴ്ച പരിഗണിച്ചപ്പോൾ എംഎൽഎയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതിന്റെ രേഖകൾ പൊലീസ് ലഭ്യമാക്കിയിട്ടില്ലെന്നു പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്തുകൊണ്ടു രേഖകൾ ഹാജരാക്കിയില്ലെന്നു ചോദിച്ച കോടതി, അതു നൽകണമെന്നും നിർദേശിച്ചു. തുടർന്നാണു കേസ് ഇന്നത്തേക്കു മാറ്റിയത്.

വിൻസന്റിനു ജാമ്യം അനുവദിക്കരുതെന്നു പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വീട്ടമ്മയുടെ കടയിലും വീട്ടിലും പോയി എംഎൽഎ ലൈംഗികാതിക്രമത്തിനു ശ്രമിച്ചുവെന്നു പറയുന്ന റിമാൻഡ് റിപ്പോർട്ടിൽ പ്രതിക്കു ജാമ്യം നൽകിയാൽ സാക്ഷികളെയും മറ്റും സ്വാധീനിച്ചു കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.

കൂടിയ അളവിൽ ഉറക്കഗുളിക കഴിച്ച് അവശയായാണു വീട്ടമ്മയെ ആശുപത്രിയിൽ എത്തിച്ചത്. നെയ്യാറ്റിൻകര ആറാലുംമൂട്ടിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന വീട്ടമ്മയെ തിങ്കളാഴ്ച ബാലരാമപുരത്തെ വീട്ടിലേക്കു കൊണ്ടുവന്നപ്പോൾ‍ സമീപത്തെ സ്ത്രീകൾ പ്രതിഷേധിച്ചു. എംഎൽഎയെ കുടുക്കിയെന്നു കുറ്റപ്പെടുത്തിയായിരുന്നു പ്രതിഷേധം. ഇതിനിടെ ചിലർ വീട്ടമ്മ വന്ന വാഹനത്തിനു നേരെ ചീമുട്ട എറിഞ്ഞു. എംഎൽഎയെ സർക്കാർ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചു കോൺഗ്രസ് പ്രവർത്തകർ ബാലരാമപുരത്തു റോഡ് ഉപരോധിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ വിൻസന്റിന്റെ വീട്ടിൽ എത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed