കേരളത്തിൽനിന്നുള്ള രണ്ട് എംപിമാർ ഉൾപ്പെടെ ആറ് കോൺഗ്രസ് ലോക്സഭാംഗങ്ങൾക്ക് സസ്പെൻഷൻ


ന്യൂഡൽഹി : സഭാ നടപടികൾ അലങ്കോലപ്പെടുത്തിയ കേരളത്തിൽനിന്നുള്ള രണ്ട് എംപിമാർ ഉൾപ്പെടെ ആറ് കോൺഗ്രസ് ലോക്സഭാംഗങ്ങളെ സ്പീക്കർ സുമിത്രാ മഹാജൻ സസ്പെൻഡ് ചെയ്തു. കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, ഗൗരവ് ഗോഗോയി, ആദിർരാജൻ ചൗധരി, രൺജി രാജൻ, സുഷ്മിതാ ദേവ് എന്നിവർക്കാണ് അഞ്ചു ദിവസത്തെ സസ്പെൻഷൻ.

ബൊഫോഴ്സ് കേസ്, ഗോസംരക്ഷണത്തിന്റെ പേരിലുള്ള അതിക്രമങ്ങൾ, ദലിത്– ന്യൂനപക്ഷ വിഷയങ്ങൾ തുടങ്ങിയ ചർച്ച ചെയ്യുമ്പോഴാണ് കോൺഗ്രസ് എംപിമാർ സഭയിൽ പ്രതിഷേധിച്ചത്. ദലിത്– ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ അടിയന്തരപ്രമേയത്തിൽ ചർച്ചവേണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാൽ, സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന്, ലോക്സഭയിലെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഗാർഖെയും കേന്ദ്ര പാർലമെന്ററികാര്യമന്ത്രി അനന്ത് കുമാറും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. ചർച്ചയ്ക്ക് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

പ്രതിഷേധത്തിനിടെ ചില കോൺഗ്രസ് എംപിമാർ കടലാസുകൾ കീറി സ്പീക്കറുടെ കസേരയ്ക്കു നേരെ എറിയുകയായിരുന്നു. ഈ നടപടി സഭാധ്യക്ഷയായ സ്പീക്കറോടുള്ള അവഹേളനമാണെന്ന് ഭരണകക്ഷി അംഗങ്ങൾ ആരോപിച്ചു. വിശദമായ പരിശോധനയിൽ ആറ് കോൺഗ്രസ് അംഗങ്ങളുടെ ഭാഗത്തുനിന്നും അച്ചടക്ക ലംഘനമുണ്ടായെന്ന് വ്യക്തമായതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്. ഇവർ സഭാ നടപടികൾ അലങ്കോലപ്പെടുത്തുകയും അച്ചടക്കം ലംഘിക്കുകയും ചെയ്തുവെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed