അനധികൃതമായി നിക്ഷേപിച്ച കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്തു
മനാമ : കാപിറ്റൽ ഗവർണറേറ്റിൽ അനധികൃതമായി നിക്ഷേപിച്ച 200 ടൺ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്തതായി ക്യാപിറ്റൽ ജനറൽ സെക്രട്ടറിയേറ്റ് ഒരു പ്രസ്താവനയിൽ വ്യക്തമാക്കി. ഇതോടനുബന്ധിച്ച് ജുഫൈറിലെ 35 നിർമ്മാണ പദ്ധതികളുടെ നിയമ ലംഘനങ്ങൾക്കെതിരെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗവർണറേറ്റിന്റെ മറ്റു ഭാഗങ്ങളിലും പരിശോധനകൾ തുടരും.
എല്ലാ നിയമ ലംഘനങ്ങളും സ്വന്തം ചെലവിൽ പരിഹരിക്കാനുള്ള സമയപരിധി നിശ്ചയിച്ചിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. ഡവലപ്പർമാർക്കും എൻജിനീയറിങ് സ്ഥാപനങ്ങൾക്കും സൈറ്റുകളിൽ വേലികെട്ടി കെട്ടിട നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കണമെന്നും തുറന്ന സ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുമുണ്ട്.

