കൂറുമാറ്റ ഭീതിയിൽ കോൺഗ്രസ്; മധ്യപ്രദേശിൽ വീണ്ടും ‘റിസോർട്ട് രാഷ്ട്രീയം’, എംഎൽഎമാരെ ബെംഗളൂരുവിലേക്ക് മാറ്റുന്നു!


ഷീബ വിജയൻ

ഭോപാൽ: രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശിൽ എംഎൽഎമാരെ ചാക്കിലാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്. ക്രോസ് വോട്ടിങ്ങും കൂറുമാറ്റവും തടയുന്നതിന്റെ ഭാഗമായി മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎമാരെ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ റിസോർട്ടിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം. ജൂൺ 18ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ മൂന്ന് ഒഴിവുകളാണ് നികത്തേണ്ടത്. 229 അംഗങ്ങളുള്ള നിയമസഭയിൽ ഒരു സ്ഥാനാർത്ഥിക്ക് ജയിക്കാൻ 58 ‘ഫസ്റ്റ് പ്രിഫറൻസ്’ വോട്ടുകൾ ആവശ്യമാണ്. 164 എംഎൽഎമാരുള്ള ബിജെപിക്ക് രണ്ട് സീറ്റുകൾ ഉറപ്പാണെങ്കിലും മൂന്നാമത്തെ സീറ്റിനായി അപ്രതീക്ഷിതമായി മറ്റൊരു സ്ഥാനാർത്ഥിയെ കൂടി രംഗത്തിറക്കിയതോടെയാണ് രാഷ്ട്രീയ പോരാട്ടം കടുത്തത്.

ബിജെപിക്കായി തരുൺ ചുഗ്, രജനീഷ് അഗർവാൾ എന്നിവർക്ക് പുറമെ മഹേഷ് കെവാട്ടും മത്സരരംഗത്തുണ്ട്. മുൻ എംപി മീനാക്ഷി നിരജ്ഞനെയാണ് കോൺഗ്രസ് ഗോദയിലിറക്കിയിരിക്കുന്നത്. പാർട്ടിക്ക് ആവശ്യത്തിന് അംഗബലമുണ്ടെങ്കിലും ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം. ബിജെപി പണം വാഗ്ദാനം ചെയ്ത് എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉമാങ് സിംഗാർ ആരോപിച്ചു. ചില അംഗങ്ങളെ നോട്ടുകെട്ടുകളുമായി സമീപിച്ചെങ്കിലും അവർ അത് തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കോൺഗ്രസിന് 64 എംഎൽഎമാരാണുള്ളത്. ഒരു എംഎൽഎക്ക് വോട്ട് ചെയ്യുന്നതിൽ കോടതി വിലക്കുണ്ടെങ്കിലും ആവശ്യമായ 58 വോട്ടുകൾ സമാഹരിക്കാൻ കോൺഗ്രസിന് കഴിയും. 2020ൽ 22 കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിനെ തുടർന്ന് കമൽനാഥ് സർക്കാരിന് അധികാരം നഷ്ടമായിരുന്നു. ഈ സാഹചര്യം മുൻനിർത്തിയാണ് കോൺഗ്രസ് ഇപ്പോൾ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്.

article-image

qwsdswasasa

You might also like

  • Lulu Exchange
  • Straight Forward

Most Viewed