കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥി
ന്യൂഡൽഹി : കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഭരണകക്ഷിയായ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) ഉപരാഷ്ട്രപതി സ്ഥാനാർഥിയാകും. ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിലാണു തീരുമാനം. എൻഡിഎ സഖ്യകക്ഷികളും വെങ്കയ്യ നായിഡുവിന്റെ സ്ഥാനാർഥിത്വത്തെ സ്വാഗതം ചെയ്തതായി ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞു.
നാലുതവണ രാജ്യസഭാംഗമായ വെങ്കയ്യ നായിഡുവിന്റെ പരിചയ സമ്പത്ത് ഉപരാഷ്ട്രപതി സ്ഥാനാർഥി നിർണയത്തിന് അനുകൂല ഘടകമായി. രാഷ്ട്രപതി സ്ഥാനാർഥി ഉത്തരേന്ത്യയിൽ നിന്നായതിനാൽ ഉപരാഷ്ട്രപതി ദക്ഷിണേന്ത്യക്കാരനാവാമെന്ന ആശയവും വെങ്കയ്യയെ തുണച്ചു. രാഷ്ട്രപതി സ്ഥാനാർഥിയായി ദലിതനും ഉപരാഷ്ട്രപതി സ്ഥാനാർഥിയായി മുന്നാക്ക വിഭാഗക്കാരനുമെന്ന ധാരണയും ഉണ്ടായിരുന്നു.
പ്രതിപക്ഷ സ്ഥാനാർഥിയായ ഗോപാൽകൃഷ്ണ ഗാന്ധിയെ നേരിടാൻ ശക്തനായ നേതാവിനെയാണു ബിജെപി രംഗത്തിറക്കുന്നത്. രാഷ്ട്രപതി സ്ഥാനാർഥിയെ പിന്തുണച്ച എല്ലാ പാർട്ടികളുടെയും പിന്തുണ ഉപരാഷ്ട്രപതി സ്ഥാനാർഥിക്കും നേടിയെടുക്കാനാണു അടുത്ത ശ്രമം. ആന്ധ്രപ്രദേശുകാരനായ വെങ്കയ്യനായിഡു ഇന്നുരാവിലെ 11നു പത്രിക നൽകി.

