ശിവരാജ് സിംഗ് ചൗഹാനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന


മുംബൈ : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന മുഖപത്രം സാമ്‌ന. കര്‍ഷക പ്രക്ഷോഭം നടക്കുന്നതിനിടെ നിരാഹാരം അനുഷ്ഠിച്ച ശിവരാജ് സിംഗ് ചൗഹാന്റെ നടപടിയെ വിമര്‍ശിച്ചാണ് ശിവസേന രംഗത്തെത്തിയത്. ആദ്യം വെടിയുണ്ട, പിന്നെ നിരാഹാരം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിമര്‍ശനം.

മധ്യപ്രദേശിലെ മന്‍ദ്‌സോറില്‍ കര്‍ഷക പ്രക്ഷോഭത്തിന് നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ അഢ്ചുപേരാണ് കൊല്ലപ്പെട്ടത്. ഇതിനെത്തുടര്‍ന്നുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നിരാഹാര സമരം നടത്തിയത്.
മഹാത്മാ ഗാന്ധിയുടെ സമരമാര്‍ഗമായ നിരാഹാരത്തിലൂടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമോ എന്ന് ശിവസേന ലേഖനത്തിലൂടെ ചോദിച്ചു. നിരാഹാരത്തിലൂടെ കര്‍ഷക സമരത്തെ ശിവരാജ് സിംഗ് ചൗഹാന്‍ അപകീര്‍ത്തിപ്പെടുത്തിയെന്നും ശിവസേന ആരോപിച്ചു.

കര്‍ഷക ക്ഷേമ പദ്ധതികള്‍ നടപ്പാക്കാത്തതുകൊണ്ടാണ് സംസ്ഥാനത്ത് കര്‍ഷകര്‍ പ്രക്ഷോഭത്തിന് മുതിര്‍ന്നത്. ഇത്തരം പ്രശ്‌നങ്ങളില്‍ ബിജെപിയ്ക്ക് ഇരട്ട നിലപാടാണെന്നും സാമ്‌ന മുഖപ്രസംഗം കുറ്റപ്പെടുത്തി. അടുത്തിടെ കേന്ദ്രസര്‍ക്കാരിനെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമരത്തിനൊരുങ്ങിയപ്പോള്‍ നിശിത വിമര്‍ശനവുമായാണ് ബിജെപി രംഗത്തെത്തിയത്. ആദ്യം ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കൂ, എന്നിട്ടാവാം പ്രതിഷേധമെന്നായിരുന്നു ബിജെപിയുടെ ഉപദേശം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed