നര്‍മ്മദ സമരത്തില്‍ പങ്കെടുത്തവർക്ക് ഗുജറാത്ത് പോലീസിന്റെ ക്രൂരമര്‍ദ്ദനം
തൃശൂര്‍ : നര്‍മ്മദ സമരത്തില്‍ പങ്കെടുത്തവർക്ക് ഗുജറാത്ത് പോലീസില്‍ നിന്നും നേരിടേണ്ടി വന്നത് ക്രൂരമര്‍ദ്ദനമെന്ന് തൃശൂര്‍ കിരാലൂര്‍ സല്‍സബീല്‍ ഗ്രീന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും പോലീസ് തങ്ങളെ പുറത്തെറിയാന്‍ ശ്രമിച്ചതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മേധ പട്കറിന്റെ നേതൃത്വത്തില്‍ നര്‍മദ ബച്ചാവോ ആന്ദോളന്‍, റാലി ഫോര്‍ റിവര്‍ എന്ന സമര പരിപാടി സംഘടിപ്പിച്ചത്. സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഗുജറാത്തിലെത്തിയതായിരുന്നു സല്‍സബീലിലെ വിദ്യാര്‍ത്ഥികള്‍. മേധാപട്കര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലായിരുന്നു പൊലീസിന്റെ ആക്രമണം.
പിടികൂടിയ തങ്ങളെ ക്രൂരമായി മര്‍ദിച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഒരു മണിക്കൂര്‍ നേരം വാഹനത്തില്‍ യാത്ര ചെയ്ത ശേഷം വഴിയില്‍ തങ്ങളെ പൊലീസ് തള്ളിയിട്ടുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇവര്‍ക്കുപുറമെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വന്ന വിദ്യാര്‍ത്ഥികള്‍ക്കും മര്‍ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. മര്‍ദനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പരിസ്ഥിതിക്കും, സാമൂഹ്യനീതിക്കും വേണ്ടി നടക്കുന്ന കേരളത്തിലെ ജനകീയ സമരങ്ങളിലും പത്ത് വര്‍ഷത്തിലേറെയായി സല്‍സബീലിലെ വിദ്യാര്‍ത്ഥികള്‍ സജീവമാണ്. ആയിരക്കണക്കിന് ഗ്രാമീണരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആക്ടിവിസ്റ്റുകളും റാലിയിലുണ്ടായിരുന്നു. നര്‍മ്മദ അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഈയിടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതി വന്നാല്‍ ലക്ഷക്കണക്കിന് ഗ്രാമീണര്‍ വെള്ളത്തിനടിയിലാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റാലി ഫോര്‍ വാലി സംഘടിപ്പിച്ചത്.

