മോണിക്ക ഗുർദെ വധത്തിനു പിന്നിൽ കാവൽക്കാരനെന്നു റിപ്പോർട്ട്


പനാജി: അപ്പാർട്ട്‌മെന്റിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മോണിക്ക ഗുർദെയെ കൊലപ്പെടുത്തിയത് അപ്പാർട്ട്‌മെന്റിലെ മുൻ കാവൽക്കാരനെന്നു റിപ്പോർട്ട്. രാജ്കുമാർ സിംഗ് എന്നു പേരുള്ള ഇയാളെ അറസ്റ്റ് ചെയ്തതായി അന്വേഷണത്തിനു നേതൃത്വം നൽകുന്ന ഗോവ പൊലീസ് വ്യക്തമാക്കി. ഗുർദെയുടെ എടിഎം കാർഡ് കൈക്കലാക്കിയിരുന്ന പ്രതി എടിഎമ്മിൽ നിന്നു പണം പിൻവലിച്ചതാണ് പ്രതിയെ കുറിച്ച് പൊലീസിനു സൂചന നൽകിയത്. കൂടാതെ പ്രതിയുടെ ദൃശ്യം എടിഎമ്മിലെ സിസിടിവി കാമറയിൽ കുടുങ്ങുകയും ചെയ്തിരുന്നു.
കൊല നടത്തിയ ശേഷം മോണിക്കയുടെ എടിഎം കാർഡ് കൈക്കലാക്കിയ പ്രതി രാജ്കുമാർ ഉടനടി സ്ഥലത്തു നിന്ന് മുങ്ങിയിരുന്നു. പിന്നീട് ഈ കാർഡ് ഉപയോഗിച്ച് ഇയാൾ ഗോവ, മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് പണം പിൻവലിച്ചു. ഒടുവിൽ ഇതു പിന്തുടർന്നെത്തിയ പൊലീസ് ബംഗളൂരുവിലെ ഒരു ഹോട്ടലിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ചിത്രവും മംഗളൂരുവിലെ എടിഎമ്മിൽ നിന്ന് ലഭിച്ച ചിത്രവും പൊലീസ് താരതമ്യപ്പെടുത്തി നോക്കിയിരുന്നു. എന്നാൽ, എന്തു കാര്യത്തിനാണ് രാജ്കുമാർ മോണിക്കയെ കൊലപ്പെടുത്തിയതെന്നു വ്യക്തമായിട്ടില്ല.
അപ്പാർട്ട്‌മെന്റിലെ തന്റെ കിടപ്പുമുറിയിലായിരുന്നു മോണിക്കയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൂർണ നഗ്‌നയായി കട്ടിലിനോട് ചേർത്ത് കൈയും കാലും കെട്ടിയ നിലയിലായിരുന്നു മൃതദേഹം.മോണിക്കയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed