വിദ്വേഷ പ്രചാരണം: സ്വതന്ത്ര ഭരദ്വാജ് കസ്റ്റഡിയിൽ


ഷീബ വിജയൻ

ന്യൂഡൽഹി: ദളിത് ആക്ടിവിസ്റ്റിന്റെ പിതാവിനെ ആക്രമിച്ച സംഭവത്തിൽ ആഹ്ലാദപ്രകടനം നടത്തുകയും വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്ത തീവ്രവലതുപക്ഷ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജിനെ ഡൽഹി പോലീസ് ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ നിന്ന് കസ്റ്റഡിയിലെടുത്തു.

'ദി കാഷ്വൽ ടോക്ക്' എന്ന പോഡ്കാസ്റ്റ് അഭിമുഖത്തിൽ, 'കോക്ക്റോച്ച് ജനതാ പാർട്ടി' പ്രതിഷേധത്തിനിടെ പെൺകുട്ടിയുടെ പിതാവിന്റെ തലയോട്ടി ഇരുമ്പ് വള ഉപയോഗിച്ച് അടിച്ചുപൊട്ടിച്ചതായി ഇയാൾ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഒരു മണിക്കൂറോളം നീണ്ട അഭിമുഖത്തിലുടനീളം മുസ്ലിം വിഭാഗത്തിനെതിരെ അതിരൂക്ഷമായ വിദ്വേഷ പരാമർശങ്ങളും, സാമ്പത്തിക ബഹിഷ്കരണ ആഹ്വാനങ്ങളും ഇയാൾ നടത്തുകയുണ്ടായി.

കൂടാതെ, പോലീസിനെയോ പട്ടികജാതി, പട്ടികവർഗ അതിക്രമ നിരോധന നിയമത്തെയോ ഭയമില്ലെന്നും, ജയിലിൽ പോയാൽ മാഫിയകൾക്കിടയിൽ വലിയ 'ബഹുമാനം' ലഭിക്കുമെന്ന തരത്തിലും ഇയാൾ സംസാരിച്ചു. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേര് ദുരുപയോഗം ചെയ്താണ് ഇയാൾ നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതെന്ന വിവരവും പുറത്തുവന്നു.

സിജെപി പ്രവർത്തകരും പ്രമുഖ പ്രതിപക്ഷ നേതാക്കളും ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധത്തിന് ശേഷമാണ് പോലീസിന്റെ കർശന നടപടി ഉണ്ടായത്. ഇയാൾക്കെതിരെ എസ്‌സി, എസ്ടി നിയമവും, ആക്റ്റിവിസ്റ്റായ പെൺകുട്ടിക്ക് നേരെയും ഉണ്ടായ ഭീഷണികളെത്തുടർന്ന് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

article-image

aaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed