പ്രദേശവാസികളോടുള്ള വൈരാഗ്യം: ബഹ്റൈനിലെ എട്ടിടങ്ങളിൽ മാലിന്യക്കൂമ്പാരത്തിന് തീയിട്ടയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
പ്രദീപ് പുറവങ്കര
മനാമ: സിത്രയിലെ മഹ്സ പ്രദേശത്ത് എട്ട് വ്യത്യസ്ത സംഭവങ്ങളിലായി മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾക്ക് തീയിട്ട കേസിൽ പ്രതിയായ 46-കാരനായ ബഹ്‌റൈൻ സ്വദേശിയെ മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കോടതി ഉത്തരവിട്ടു. വിചാരണ വേളയിൽ തനിക്ക് കടുത്ത മാനസിക സമ്മർദ്ദവും അപസ്മാര ലക്ഷണങ്ങളും ഉണ്ടാകാറുണ്ടെന്ന് മുൻ ആഭ്യന്തര മന്ത്രാലയ ജീവനക്കാരൻ കൂടിയായ പ്രതി വെളിപ്പെടുത്തിയതിനെ തുടർന്നാണ് നടപടി.
നാട്ടുകാർ തന്നെ 'പൊലീസ് വിവരദാതാവ്' എന്ന് ആരോപിച്ച് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും, ഇതിലുള്ള വൈരാഗ്യം കാരണമാണ് മാലിന്യക്കൂമ്പാരങ്ങൾക്ക് തീയിട്ടതെന്നും പ്രതി കോടതിയിൽ പറഞ്ഞു. കൂടാതെ, പ്രദേശത്തെ മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യാത്തതിനാൽ ഉണ്ടാകുന്ന ദുർഗന്ധവും രോഗസാധ്യതയും ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ലൈറ്റർ ഉപയോഗിച്ച് ടിഷ്യൂ പേപ്പറിന് തീ കൊടുത്താണ് കൃത്യം നിർവ്വഹിച്ചതെന്നും ഇയാൾ സമ്മതിച്ചു.
ജനുവരി 2 മുതൽ മേയ് 29 വരെയുള്ള കാലയളവിൽ നടന്ന എട്ട് കേസുകളിലാണ് നിലവിൽ വിചാരണ പുരോഗമിക്കുന്നത്. പ്രതിയുടെ മാനസിക നില പരിശോധിച്ച്, ചെയ്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കാൻ പ്രാപ്തനാണോ എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കൽ കമ്മീഷൻ രൂപീകരിച്ച മൂന്നംഗ വിദഗ്ദ്ധ സമിതിയോട് കോടതി ആവശ്യപ്പെട്ടു.
പ്രതിയുടെ വികാരപരമായ അസ്ഥിരതയും രോഗാവസ്ഥയും ചൂണ്ടിക്കാട്ടി ഇയാൾക്ക് ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ തീയിട്ടു എന്ന കുറ്റം മാറ്റി സ്വത്ത് നാശനഷ്ടം ഉണ്ടാക്കി എന്ന രീതിയിൽ വകുപ്പുകൾ ഭേദഗതി ചെയ്യണമെന്നും അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. പ്രതിക്ക് ചെയ്ത തെറ്റിൽ കടുത്ത പശ്ചാത്താപമുണ്ടെന്നും ഇനി ഇത് ആവർത്തിക്കില്ലെന്നും അഭിഭാഷകൻ അറിയിച്ചു.
പ്രതി വെളുത്ത വസ്ത്രവും ധരിച്ച് മാലിന്യക്കൂമ്പാരത്തിന് സമീപത്തേക്ക് നടക്കുന്നതും ഇയാൾ മടങ്ങിയതിന് പിന്നാലെ തീ പടരുന്നതും വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പബ്ലിക് പ്രൊസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. മാനസികാരോഗ്യ റിപ്പോർട്ട് പരിഗണിക്കുന്നതിനായി കേസ് സെപ്റ്റംബർ 1-ലേക്ക് മാറ്റി.
sadasd

